മുംബൈ: വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ പ്രഫ. താണു പത്മനാഭന് (64) അന്തരിച്ചു. തിരുവനന്തപുരം കരമന സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പുണെ ഇൻറർ യൂനിവേഴ്സിറ്റി സെൻറര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സ് (െഎ.യു.സി.എ.എ) കാമ്പസിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. െഎ.യു.സി.എ.എയിലെ അക്കാദമിക് വിഭാഗം ഡീനായിരുന്ന അദ്ദേഹം വിരമിച്ചശേഷം അവിടെ ഡിസ്റ്റിങ്ഗ്വിഷ്ഡ് പ്രഫസറായി സേവനം തുടർന്നുവരുകയായിരുന്നു. കാമ്പസിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം ഉച്ചയോടെ ഒൗന്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
കേരള സര്‍ക്കാറിെൻറ ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്ര പുരസ്കാരം ഇത്തവണ നേടിയത് താണു പത്മനാഭനാണ്. 2007ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ വികസിപ്പിച്ചതാണ് മുഖ്യ സംഭാവന. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപവത്കരണം, ഗുരുത്വാകര്‍ഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ് പ്രധാന വിഷയങ്ങള്‍. 1957 മാർച്ച് 10ന് താണു അയ്യർ, ലക്ഷ്മി ദമ്പതികളുടെ മകനായി കരമനയിലായിരുന്നു ജനനം. കേരള സര്‍വകലാശാല യൂനിവേഴ്സിറ്റി കോളജില്‍നിന്ന് 1977ൽ ബി.എസ്സിയും 1979ൽ എം.എസ്സിയും സ്വര്‍ണമെഡലോടെ പാസായി. 20ാം വയസ്സില്‍ ബി.എസ്സി പഠനകാലത്താണ് സാമാന്യ ആപേക്ഷികത വിഷയമായി ആദ്യ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. 1983ൽ മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടമെൻറൽ റിസർച്ചിൽനിന്ന് പിഎച്ച്.ഡി നേടി. 1992 മുതല്‍ പുണെ എ.യു.സി.എ.എയിലാണ്.
സ്വിറ്റ്സര്‍ലൻഡിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേണ്‍, ന്യൂ കാസില്‍ സര്‍വകലാശാല, ലണ്ടനിലെ ഇംപീരിയല്‍ കോളജ്, കാള്‍ടെക്, പ്രിന്‍സ്ടണ്‍, കാംബ്രിജ് സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറായിരുന്നു.ആഫ്റ്റർ ദി ഫസ്റ്റ് ത്രീ മിനിറ്റ്സ് - ദ സ്റ്റോറി ഓഫ് അവർ യൂനിവേഴ്സ്, തിയററ്റിക്കൽ ആസ്ട്രോഫിസിക്സ്, ആൻ ഇൻവിറ്റേഷൻ ടു ആസ്ട്രോഫിസിക്സ് തുടങ്ങിയ കൃതികളും ജയന്ത് നർലിക്കറുമൊത്ത് ഗ്രാവിറ്റി, ഗേജ് തിയറീസ് ആൻഡ് കോസ്മോളജി എന്നീ പുസ്തകങ്ങളും ഭൗതിക ശാസ്ത്രജ്ഞയായ ഭാര്യ ഡോ. വാസന്തിയുമായി ചേർന്ന് 'ദ ഡോൺ ഒാഫ് സയൻസ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. മകള്‍: ഹംസ പത്മനാഭന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.