തിരുവനന്തപുരം: നര്‍ത്തകി പത്മഭൂഷണ്‍ മല്ലികാ സാരാഭായിയെ കലാമണ്ഡലം കൽപിത സര്‍വ്വകലാശാലയുടെ ചാന്‍സിലര്‍ പദവിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച് ഉത്തരവായി. പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മകളായി ജനിച്ച മല്ലിക സാരാഭായ് കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നര്‍ത്തകിയാണ്. നൃത്തത്തില്‍ മാത്രമല്ല നാടകം, സിനിമ, ടെലിവിഷന്‍, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ മേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .
സാമൂഹികപരിവര്‍ത്തനത്തിനാണ് കലയെ അവര്‍ പ്രധാനമായും ഉപയോഗിക്കുന്നത്. പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി. 1953ല്‍ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്‌സ് കലാലയത്തില്‍ പഠിച്ചു. അഹമ്മദാബാദ് ഐ.ഐ.എംല്‍ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് 1976ല്‍ ഡോക്ടറേറ്റും നേടി
ചെറുപ്പത്തിലേ നൃത്തം പഠിക്കാന്‍ തുടങ്ങിയിരുന്നു മല്ലിക. പതിനഞ്ച് വയസുള്ളപ്പോള്‍ സമാന്തര ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. പീറ്റര്‍ ബ്രൂക്ക്‌സിന്റെ 'ദി മഹാഭാരത' എന്ന നാടകത്തില്‍ ദ്രൗപതിയെ അവതരിപ്പിച്ചാണ് ശ്രദ്ധേയയായത്. ഒരു നര്‍ത്തകി എന്നതോടൊപ്പം തന്നെ ഒരു സാമുഹിക പ്രവര്‍ത്തകകൂടിയാണ്. മല്ലികയുടെ അഹമ്മദാബാദിലെ 'ദര്‍പ്പണ അക്കാഡമി ഓഫ് പെര്‍ഫോര്‍മിംഗ് ആർട്സ്. ഇന്നും കലയെ സമൂഹ്യ പ്രതിപദ്ധതക്കുള്ള ഉപാധിയായി നിലര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
സമകാലീന വിഷയവുമായി ബന്ധപ്പെട്ട നിരവധി സൃഷ്ടികള്‍ മല്ലിക സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. ഇന്ത്യന്‍ നാട്യകലെക്കുറിച്ച് നിരവധി ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മല്ലികയുടെ ഓര്‍മകളുടെ സമാഹാരമാണ് ഫ്രീ ഫാള്‍: മൈ എക്സ്പെരിമെന്റ്സ് വിത് ലിവിങ്'. ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനി എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് മല്ലിക സാരാഭായ്. കലാമണ്ഡലം ചാന്‍സിലര്‍ പദവിയിലേക്കുള്ള മല്ലികാ സാരാഭായിയുടെനിയമനം കലാകേരളത്തിന് ഏറ്റവും ഗുണകരമായി മാറുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.