വൈക്കം: ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂവെന്നും രാജ്യത്തെ ഒന്നിപ്പിക്കാൻ പോരാട്ടം തുടരുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് തുല്യതക്കുവേണ്ടി എക്കാലവും പോരാട്ടം നടത്തിയത് കോൺഗ്രസാണ്. വൈക്കം സത്യഗ്രഹം ഇതിലെ തിളങ്ങുന്ന ഏടാണ്. സാമൂഹികമായും സാമ്പത്തികമായും തുല്യത നിഷേധിക്കുന്നത് ജനാധിപത്യത്തെ തകർക്കും. പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സിയുടെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം വൈക്കം ബീച്ചിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹത്തിൽ ആർ.എസ്.എസിന് ഒരു പങ്കുമില്ല. എന്നാൽ, ആർ.എസ്.എസ് രൂപമെടുക്കുന്നതിനുമുമ്പ് നടന്ന സമരചരിത്രത്തിൽ നുഴഞ്ഞുകയറാനാണ് ശ്രമം. പല ചരിത്രസമരങ്ങളും കേന്ദ്രസഹായത്തോടെ ആർ.എസ്.എസ് വളച്ചൊടിക്കുകയാണ്.
ഭരണഘടന നിലനിർത്താനുള്ള പോരാട്ടം കോൺഗ്രസ് തുടരും. പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽഗാന്ധിക്കെതിരായ അയോഗ്യത നടപടി. നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കോൺഗ്രസ്, മോദിയുടെ ഏകാധിപത്യനീക്കങ്ങളെയും ചെറുക്കും. രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ച മോദിമാരൊന്നും പിന്നാക്കക്കാരല്ല. വൻതോതിൽ സമ്പത്ത് കൈകാര്യം ചെയ്യുന്ന ഇവരെ സംരക്ഷിക്കാനാണ് ഇപ്പോൾ ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദേശം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് വായിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.പിമാരായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, വി.പി. സജീന്ദ്രൻ, എം. ലിജു എന്നിവർ സംസാരിച്ചു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ മല്ലികാർജുൻ ഖാർഗെ അവിടെ നിന്ന് ഹെലികോപ്ടറിലാണ് വൈക്കത്ത് എത്തിയത്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഒരുവർഷം നീളുന്ന പരിപാടികളാണ് കെ.പി.സി.സി ആവിഷ്കരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ചടങ്ങിൽ നേതാക്കൾ വായമൂടിക്കെട്ടി പ്രതിഷേധിച്ചു. രാഹുൽഗാന്ധിയുടെ ചിത്രമുള്ള പ്ലക്കാർഡുകൾ കൈയിലേത്തി ഇവർ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.