അടിമാലി: ബാങ്കില്‍ പണയം വെച്ച സ്വര്‍ണം എടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നല്‍കി ജ്വല്ലറി ഉടമയുടെ മൂന്ന് ലക്ഷം കവര്‍ന്ന സംഭവത്തിലെ മുഖ്യ പ്രതി അറസ്റ്റിൽ. അടിമാലി മുനിത്തണ്ട് അമ്പാട്ട് കുടിയിൽ ജിബി കുര്യാക്കോസ് (43) നെയാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ടു പേർകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായും ഇടുക്കി എ.എസ്.പി. രാജപ്രസാദ്, വെള്ളത്തൂവൽ സി.ഐ. ആർ. കുമാർ എന്നിവർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ജൂലൈ 1ന് അടിമാലി കൃഷ്ണ ജ്വല്ലറി ജീവനക്കാരിൽനിന്നും മുക്കുപണ്ടം നൽകി മൂന്ന് ലക്ഷം രൂപ ഇവർ തട്ടിയെടുക്കുകയായിരുന്നു. ആനച്ചാലില്‍ വെച്ചാണ് സംഭവം. കുഞ്ചിത്തണ്ണി സ്വദേശി ജോസ്‌കുട്ടി എന്ന് പരിചയപ്പെടുത്തിയാണ് ജ്വല്ലറി ഉടമക്ക് ഫോണ്‍ എത്തിയത്. ആനച്ചാലിലെ ബാങ്കില്‍ താന്‍ സ്വർണം പണയം വെച്ചിരിക്കുകയാണെന്നും മൂന്ന് ലക്ഷം രൂപ ബാങ്കില്‍ അടക്കണമെന്നും ഫോണില്‍ അറിയിച്ചു. മാത്രമല്ല ജ്വല്ലറിയില്‍നിന്ന് കുറച്ച് സ്വര്‍ണം മാറ്റിയെടുക്കാനുമുണ്ടെന്നും പറഞ്ഞു.
ഇത് വിശ്വസിച്ച ജ്വല്ലറി ഉടമ രണ്ട് ജീവനക്കാര്‍ വശം പണം നല്‍കി പറഞ്ഞയച്ചു. ബാങ്കിന് മുന്നില്‍ കാത്തുനിന്ന രണ്ടുപേര്‍ പണം വാങ്ങി. ബാങ്ക് പ്രവര്‍ത്തിക്കുന്ന ഒന്നാംനിലയിലേക്ക് തട്ടിപ്പ് സംഘത്തിലെ ഒരാള്‍ കയറിപ്പോയി. തിരിച്ചിറങ്ങി വന്നയാള്‍ സ്വർണം ജ്വല്ലറി ജീവനക്കാര്‍ക്ക് കൈമാറി. നല്‍കിയ പണത്തിന് ഇരട്ടി തുകക്കുളള സ്വർണമുണ്ടെന്നും ഓട്ടോയില്‍ പോയാല്‍ മതിയെന്നും പറഞ്ഞ് ജ്വല്ലറി ജീവനക്കാർക്ക് ഓട്ടോ വിളിച്ച് നല്‍കി. ഇവര്‍ ബൈക്കില്‍ പിന്നാലെ എത്തിക്കോളാമെന്നും പറഞ്ഞു.
ഏറെ കഴിഞ്ഞിട്ടും സ്വർണം നല്‍കിയവര്‍ എത്താതെ വന്നതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലായത്. ഉടന്‍ ഫോണിലേക്ക് തിരിച്ച് വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫാണെന്ന് മനസിലാവുകയും വെളളത്തൂവല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.
വെളളത്തൂവല്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ജ്വല്ലറി ഉടമയുമായി ബന്ധമുള്ളവരെ നിരീക്ഷിച്ചതോടെയാണ് കേസിന് തുമ്പായത്. ജിബി കുര്യാക്കോസ് നേരത്തെ ജ്വല്ലറി ഉടമയുടെ ഡ്രൈവറായിരുന്നു. ഇതിനിടയിൽ പരിചയപ്പെട്ട എറണാകുളം ജില്ലക്കാരായ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതികളുമായി ചേർന്നാണ് പദ്ധതി തയാറാക്കിയത്.
ജിബി കുര്യാക്കോസിനെതിരെ ഏഴ് കേസുകൾ ഉണ്ട്. ഏഴ് വർഷം ഗൽഫിൽ ജോലി ചെയ്ത ഇയാൾ രണ്ടു വർഷം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ. സജി എൻ. പോൾ, എ.എസ്.ഐ മാരായ സിബി, ബിൻസ്, സി.പി.ഒമാരായ ജോബിൻ, ജയിംസ്, രാജേഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.