ചെറുതോണി: മോഷണവിവരമറിഞ്ഞ് വീട്ടുടമ കുഴഞ്ഞുവീണുമരിച്ച മരിച്ച സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. വീട്ടുകാർ തീർഥാടനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 75 കിലോ കുരുമുളക് മോഷ്ടിച്ച രാജമുടി പതിനേഴ് കമ്പനി മണലേൽ അനിൽ കുമാറിനെയാണ്(57) മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം നടന്നതറിഞ്ഞ് വീട്ടുടമയും അനിലിന്റെ മൂത്തസഹോദരനുമായ രാജമുടി മണലേൽ വിശ്വനാഥൻ കാറിൽ കുഴഞ്ഞുവീണുമരിച്ചിരുന്നു.
ഇരുവരും അയൽപക്കത്താണ് താമസം. മോഷണമുതൽ പൊലീസ് കണ്ടെടുത്തു. ഭാര്യ വിദേശത്തായതിനാൽ അനിൽകുമാർ ഒറ്റക്കാണ് താമസം. വിശ്വനാഥനും വീട്ടുകാരും പഴനിയിൽ തീര്‍ഥാടനത്തിനു പോയ സമയത്താണു വീടു കുത്തിത്തുറന്ന് 75 കിലോഗ്രാം കുരുമുളകു മോഷ്ടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വിശ്വനാഥൻ, ഭാര്യ ഷീല, മക്കളായ അരുണ്‍, അനീഷ്, മരുമക്കളായ രമ്യ, അനുപ്രിയ എന്നിവർ പഴനിക്കു പോയത്. ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങവേ തമിഴ്‌നാട് കേരള അതിര്‍ത്തിയായ ചിന്നാറിലെത്തിയപ്പോള്‍ രാത്രി വീട്ടില്‍ മോഷണം നടന്ന വിവരം ബന്ധുക്കള്‍ വിശ്വനാഥനെ വിളിച്ചറിയിച്ചു. ഇതു കേട്ട വിശ്വനാഥന്‍ കാറില്‍ത്തന്നെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
വീടിന്റെ പിറകുവശത്തെ കതകു കുത്തിത്തുറന്ന മോഷ്ടാവ് രണ്ടു പ്ലാസ്റ്റിക് ചാക്കിലാക്കി സൂക്ഷിച്ചിരുന്ന കുരുമുളകാണ് കവർന്നത്. ഇത് ഇയാൾ തോപ്രാംകുടിയിലെ കടയിൽ വിറ്റിരുന്നു. വീട്ടുകാരെക്കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമായിരിക്കും മോഷണത്തിനു പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പിന്നീട് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സാമ്പത്തിക ഞെരുക്കത്തെ തുടർന്നായിരുന്നു മോഷണമെന്നാണ് മൊഴി. മോഷണമുതൽ പൊലീസ് കണ്ടെടുത്തു.
മുരിക്കാശ്ശേരി എസ്.ഐ എൻ.എസ്. റോയി, എസ്.ഐ സാബു തോമസ്, എസ്.സി.പിഒമാരായ അഷറഫ് കാസിം, ഇ.കെ. അഷറഫ്, സി.പി.ഒ ജയേഷ് ഗോപി എന്നിവർ ചേർന്നാണ് കേസന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.