പനങ്ങാട് (കൊച്ചി): കൂൺ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എറണാകുളം പനങ്ങാട് തച്ചോടി വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ ഷിയാസ് (45) ആണ് മരിച്ചത്.
ആർടിസ്റ്റ് കൂടിയായ ഷിയാസ് കഴിഞ്ഞ ആറിന് രാവിലെ വീടിൻ്റെ തൊട്ടടുത്ത പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് കൂൺ ശ്രദ്ധയിൽപെട്ടത്. ഇത് വീട്ടിലെത്തിച്ച് കഴിക്കുകയും ചെയ്തു. പിന്നീട് ഉച്ചഭക്ഷണം കഴിക്കാൻ നേരം അസ്വസ്ഥത അനുഭവപ്പെടുകയും ഛർദ്ദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
ആദ്യം ഷിയാസ് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നിന്ന് തിരികെ വീട്ടിലെത്തിയ ഷിയാസിന് വൈകിട്ടോടെ രക്തസമ്മർദ്ദത്തിൽ കാര്യമായ മാറ്റമുണ്ടാകുകയും ശാരീരികാസ്വസ്ഥത വർധിക്കുകയും ചെയ്തു. ഇതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
നില വഷളായ ഷിയാസിനെ വെന്‍റിലേറ്ററിൽ കിടത്തി വിദഗ്ധ ചികിത്സ നൽകിയെങ്കിലും തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മരിക്കുകയായിരുന്നു. പനങ്ങാട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
അസ്വാഭാവിക മരണത്തിന് പനങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. മാതാവ്: സീനത്ത്. ഭാര്യ: റസീന. മക്കൾ: ഐമാൻ, ദിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.