ദോഹ: ഖത്തറിലെ താമസസ്ഥലത്തെ അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള പുക ശ്വസിച്ച് അബോധാവസ്ഥയിലായ കോഴിക്കോട് ചേളന്നൂർ സ്വദേശി മരിച്ചു. കാക്കുകുഴിയിൽ ചെത്തിൽ ഉമ്മറിന്റെ മകൻ ഷെഫീഖ് (36) ആണ് ഹമദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ചത്.
ഈ മാസം 19നായിരുന്നു റയ്യാനിൽ ഷഫീഖ് താമസിച്ച വില്ലയിലെ തൊട്ടടുത്ത മുറിയിൽ ഷോർട്സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് - സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഷഫീഖ് ഡ്യൂട്ടി കഴിഞ്ഞ് ഉച്ചക്ക് മൂന്നു മണിയോടെ റൂമിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു സംഭവം.
ഉറക്കത്തിനിടെ മുറിയിലേക്ക് കടന്നെത്തിയ പുക ശ്വസിച്ച് ഉണർന്ന ഇദ്ദേഹം ഉടൻ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചുവെങ്കിലും പുറത്തേക്കിറങ്ങാൻ കഴിഞ്ഞില്ല. പകൽ സമയമായതിനാൽ വില്ലയിലെ മറ്റുള്ളവരെല്ലാം ഡ്യൂട്ടിയിലായിരുന്നു. തുടർന്ന് സിവിൽ ഡിഫൻസ് വിഭാഗം എത്തി വാതിൽ തുറന്നാണ് അകത്തു പ്രവേശിച്ചത്. ബോധരഹിതനായ നിലയിൽ കണ്ടെത്തിയ ഷഫീഖിനെ ഉടൻ ആശുപത്രിയിൽ പ്രവേശിച്ചു. നാലു ദിവസത്തോളം വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ശേഷം ചൊവ്വാഴ്ചയായിരുന്നു മരണം സംഭവിച്ചത്.
ഒമ്പതു വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ ഷെഫീഖ് ഒരു വർഷം മുമ്പാണ് നാട്ടിൽ നിന്നെത്തിയത്. ഒക്ടോബർ അഞ്ചിന് വീണ്ടും നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് കാത്തിരിക്കെയാണ് ദുരന്തം. മക്കൾക്ക് മിഠായിയും സമ്മാനങ്ങളുമെല്ലാം വാങ്ങി നാട്ടിലേക്ക് പോകനുള്ള തയാറെടുപ്പിലായിരുന്നു അവനെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് സംസ്കര സമിതി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച പുലർച്ചെയോടെ നാട്ടിലെത്തിക്കും. മാതാവ്: ഖദിജ. ഭാര്യ: ബുസൈറ. രണ്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.