നെടുമ്പാശ്ശേരി: വിമാനത്തിന് ബോംബ് ഭീഷണി മുഴക്കിയയാൾ അതേ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയപ്പോൾ പിടിയിലായി. മലപ്പുറം സ്വദേശി സുഹൈബിനെയാണ് സുരക്ഷാവിഭാഗം പിടികൂടിയത്.
ഒരാഴ്ച മുമ്പ് സുഹൈബും ഭാര്യയും കുട്ടിയും ലണ്ടനിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിയിരുന്നു. യാത്രക്കിടെ വിമാനത്തിൽനിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായെന്ന് ഇയാൾ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എയർ ഇന്ത്യ അധികൃതരെ ബന്ധപ്പെടുകയും ശാരീരികാസ്വസ്ഥതയുള്ളതിനാൽ മടക്കയാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ഇതിന് എയർ ഇന്ത്യ കൂടുതൽ തുക ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായാണ് ബോംബ് ഭീഷണി ഉയർത്തിയത്. മുംബൈയിലെ എയർ ഇന്ത്യാ ഓഫിസിലേക്ക് സ്വന്തം ഫോണിൽ വിളിച്ചാണ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയത്. തുടർന്ന്, ഇയാൾ ഭാര്യക്കും കുട്ടിക്കുമൊപ്പം ലണ്ടനിലേക്ക് യാത്ര ചെയ്യാനെത്തിയപ്പോൾ പിടികൂടുകയായിരുന്നു. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. ലണ്ടനിൽനിന്ന് എത്തിയ വിമാനം തിരിച്ചുപോകുന്നതിനുമുമ്പ് യാത്രക്കാരെയും ലഗേജുകളും കർശനമായി പരിശോധിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.