തിരുവനന്തപുരം: എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലെത്തിയ മാണി സി. കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എൻ.സി.കെ) എന്നാണ് പേര്. ഘടകകക്ഷിയായി യു.ഡി.എഫിൽ പ്രവേശിക്കണമെന്ന കാര്യം മുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉത്തമ വിശ്വാസവും പ്രതീക്ഷയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലായടക്കം മൂന്ന് സീറ്റുകൾ ആവശ്യപ്പെടുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
മറ്റ് രണ്ട് സീറ്റുകളേതെന്ന കാര്യം തീരുമാനിച്ചിട്ടില്ല. മുന്നണിയിൽ പ്രവേശിച്ച ശേഷമാകും ഇക്കാര്യത്തിലെ തീരുമാനം. ദേശീയ വീക്ഷണമുള്ള സംസ്ഥാന പാർട്ടിയായി എൻ.സി.കെ പ്രവർത്തിക്കും. ഭാരവാഹികളും ജില്ല ഭാരവാഹികളും എൻ.സി.പിയിൽനിന്ന് രാജിവെച്ച് വന്നവരാണ്. ആദ്യഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന ടി.പി. പീതാംബരനും ജോസ്മോനും വരേണ്ടെന്ന് താൻ തന്നെയാണ് പറയുന്നത്.
തേൻറത് പരമ്പരാഗതമായ കോൺഗ്രസ് കുടുംബമാണ്. പിതാവ് കോൺഗ്രസ് എം.എൽ.എയും എം.പിയുമൊക്കെയായിരുന്നു. തന്നെ കോൺഗ്രസ് കുടുംബത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന ആഗ്രഹം കൊണ്ടാകാം മുല്ലപ്പള്ളി താൻ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. മുല്ലപ്പള്ളിയെ വ്യക്തിപരമായി കാണുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.
'രണ്ടില'ക്ക് എതിരെ പാലയിൽ മത്സരിക്കുന്നത് പ്രശ്നമോ വെല്ലുവിളിയോ ആയി കാണുന്നില്ല. മത്സരിക്കുന്നവരെ നോക്കിയാണ് ആളുകൾ വോട്ട് ചെയ്യുന്നത്. എൽ.ഡി.എഫ് തന്നോട് നീതി കാണിച്ചില്ല. മുഖ്യമന്ത്രി പറഞ്ഞത് കുട്ടനാട്ട് മത്സരിക്കാനാണ്. ഇതിൽനിന്നുതന്നെ പാലായുടെ കാര്യത്തിലെ എൽ.ഡി.എഫ് നിലപാട് വ്യക്തമായിരുന്നു. ഇപ്പോൾ പാലാ കിട്ടണമെന്നാണ് ആഗ്രഹമെന്ന് ടി.പി. പീതാംബരൻ ആവശ്യപ്പെെട്ടങ്കിൽ നല്ല കാര്യമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
സംസ്ഥാന ഭാരവാഹികൾക്ക് പുറമേ 11 ജില്ല പ്രസിഡൻറുമാരെയും പ്രഖ്യാപിച്ചു. മാണി സി. കാപ്പനാണ് പ്രസിഡൻറ്. അഡ്വ.ബാബു കാർത്തികേയൻ (വർക്കിങ്.പ്രസി.), സുൽഫിക്കൽ മയൂരി (വൈസ്.പ്രസി), പി. ഗോപിനാഥ് (വൈസ്.പ്രസി), സലിം പി. മാത്യു, ബാബു തോമസ്, കടകംപള്ളി സുകു, എം.െജ. ഉമ്മൻ, സാജു എം. ഫിലിപ്, പ്രദീപ് പറപ്പുറം, സുരേഷ് വേലായുധൻ, ഡോ.സുമ എസ്. നായർ (ജനറൽ സെക്ര.) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.