മണിപ്പൂർ സംഘ്പരിവാറിന്‍റെ വംശീയ രാഷ്ട്രീയത്തിന്‍റെ പുതിയ ലബോറട്ടറി -റസാഖ് പാലേരി

തൃശൂർ: മണിപ്പൂർ സംഘ്പരിവാറിന്‍റെ വംശീയ രാഷ്ട്രീയത്തിന്‍റെ പുതിയ ലബോറട്ടറിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. ബി.ജെ.പിക്ക് അധികാരം ലഭിച്ചാൽ ഈ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും ഗോത്രവിഭാഗങ്ങൾക്കും എന്ത് സംഭവിക്കുമെന്നതിന്‍റെ ഉദാഹരണമാണ് ഗുജറാത്തിലും മുസഫർ നഗറിലും സംഭവിച്ചതെന്നും ഇപ്പോൾ മണിപ്പൂരിൽ സംഭവിക്കുന്നതെന്നും റസാഖ് പാലേരി പറഞ്ഞു.

പ്രതിലോമ ആശയങ്ങളിലൂടെയാണ് സംഘ്പരിവാർ അധികാരം നേടിയത്. കലാപങ്ങളിലൂടെ സമൂഹത്തിൽ വർഗീയ ധ്രുവീകരണം നടത്തി അധികാരത്തിലേറുക എന്ന കുതന്ത്രം കാലങ്ങളായി പ്രയോഗിച്ചു വരികയാണവർ. ന്യൂനപക്ഷങ്ങളെയും ദലിത്-പിന്നാക്ക വിഭാഗങ്ങളെയും ഇല്ലായ്മ ചെയ്യുക എന്നത് ഇവരുടെ പ്രഖ്യാപിത അജണ്ടയാണ്. ഒരേസമയം, ആദിവാസി ജനസമൂഹത്തിൽ നിന്നുള്ള വ്യക്തിയെ രാജ്യത്തിന്‍റെ പ്രസിഡന്‍റ് പദവിയിലിരുത്തുകയും അതേസമയം തന്നെ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനായി ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം പോലുള്ള ടൂളുകൾ ഉപയോഗപ്പെടുത്തി അവർക്കിടയിൽ ഭിന്നതയുണ്ടാക്കി അത് മുതലെടുക്കുകയുമാണ് സംഘ്പരിവാർ ചെയ്യുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണച്ച കുക്കി വിഭാഗത്തെയാണ് ഇപ്പോൾ ഭരണ പിന്തുണയോടെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്നതെന്നും റസാഖ് പാലേരി പറഞ്ഞു. മണിപ്പൂരിലെ ക്രിസ്ത്യൻ ഉന്മൂലനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി തൃശൂരിൽ സംഘടിപ്പിച്ച വംശഹത്യ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂർ ഇ.എം.എസ് ചത്വരത്തിൽ നടന്ന പ്രതിരോധ സംഗമത്തിൽ മണിപ്പൂരി സാമൂഹിക പ്രവർത്തകൻ ഡോ. ലംതിൻതാങ് ഹൗകിപ് മുഖ്യാതിഥിയായിരുന്നു. മണിപ്പൂരിലെ ഭരണകൂട സ്പോൺസേഡ് വംശഹത്യയുടെ ഇരയാണ് താനെന്നും മോദി - അമിത് ഷാ സംഘത്തിന്‍റെ നിശബ്ദതക്കെതിരെ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി മെമ്പർ സി.ഐ. സെബാസ്റ്റ്യൻ, മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് സി.എ റഷീദ്, മാധ്യമ പ്രവർത്തകൻ ഐ. ഗോപിനാഥ്, എൻ.എ പി.എം പ്രതിനിധി പ്രഫ. കുസുമം ജോസഫ്, സെന്‍റ് തോമസ് കോളജ് മുൻ പ്രിൻസിപ്പാൾ ഫാ. ദേവസ്സി പന്തല്ലൂക്കാരൻ, എസ്.സി. എസ്ടി ഫെഡറേഷൻ സംസ്ഥാന ചെയർമാൻ എ.കെ സന്തോഷ്, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. ജോസഫ് ജോൺ, എഫ്.ഐ.ടി യു സംസ്ഥാന പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്, വൈസ് പ്രസിഡന്‍റ് ഷമീമ സക്കീർ, വിമൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി തുടങ്ങിയവർ സംഗമത്തിൽ സംസാരിച്ചു. പാർട്ടി ജില്ലാ പ്രസിഡന്‍റ് എം.കെ അസ് ലം സ്വാഗതവും ജനറൽ സെക്രട്ടറി അഡ്വ. കെ.എസ് നിസാർ നന്ദിയും പറഞ്ഞു.

സംഗമത്തോട് അനുബന്ധിച്ച് തൃശൂർ നഗരത്തിൽ നടന്ന പ്രതിഷേധറാലിയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ജില്ലാ നേതാക്കളായ നവാസ് എടവിലങ്ങ്, ആരിഫ് മുഹമ്മദ് പി.ബി, കെ.കെ. ഷാജഹാൻ, സരസ്വതി വലപ്പാട്, ടി.എം. കുഞ്ഞിപ്പ, സെമീറ വി.ബി., റഫീഖ് കാതിക്കോട് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Manipur Sangh Parivar's new laboratory of ethnic politics - Razak Paleri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.