കാസർകോട്: കുമ്പളയിൽ ഇടതുമുന്നണി കുടുംബയോഗത്തിൽ ഏരിയ സെക്രട്ടറി സി.എ. സുബൈർ ‘ അരിവാൾചുറ്റിക നക്ഷത്രത്തിൽ വോട്ടു ചെയ്യണെമന്നു’ പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കു ം. അത് പൈവളിഗെയിൽ എത്തുേമ്പാൾ കൊയ്തി, സുത്തിഗെ, നക്ഷത്രമെന്നാകും. ഏണി ‘ഇട്ടണി’യും താമര ‘ടാവരെ’യുമാകും. മലയാളിയിൽനിന്നും തുളു, കന്നട, മറാത്തി, കൊങ്ങിണി, ബ്യാരി, ഉർദു ഭാ ഷകളിലൂെട മഞ്ചേശ്വരത്തിെൻറ ഈടുവഴികളിൽ ചിഹ്നങ്ങൾക്ക് ഭാഷയുടെ വേഷപ്പകർച്ച വരുന്നത് രസകരമായ കേൾവിയാണ്. പൈവളിഗെ, മീഞ്ചെ, വൊർക്കാടി, പുത്തിഗെ എന്നിവിടങ്ങളിലാണ് മറാത്തികൾ അഥവാ നായ്ക വിഭാഗം ഏറെയുള്ളത്. ഇവരുടെ ഇടയിൽ ചിഹ്നങ്ങളുടെ പേര് കൊയ്തി, ഇട്ടണി, ടാവരെ എന്നാവും.
മലയാളത്തിൽ ചിഹ്നങ്ങൾ പറഞ്ഞാൽ മനസ്സിലാകുമെങ്കിലും വോട്ടർമാരിലേക്കു കൂടുതൽ അടുക്കാൻ മറാത്തിയിൽ തന്നെ പ്രാദേശിക നേതാക്കൾ പറയുമെന്ന് മറാത്തി പ്രസംഗകനായ സി.പി.എം ലോക്കൽ സെക്രട്ടറി കൃഷ്ണ നായിക് പറഞ്ഞു. കുമ്പളയിലാണ് ഹനഫി വിഭാഗമുള്ളത്. ഇവരിലാണ് ഉർദു പ്രചാരം. തുർക്കികളെ പുകഴ്ത്തി പ്രത്യേക ലഘുലേഖ ഇവരുടെയിടയിൽ വിതരണംചെയ്തിട്ടുണ്ട്. ഹതുട, ദറൻതി, സിത്താറ എന്നാണ് ചുറ്റിക അരിവാൾ നക്ഷത്രത്തിന് പറയാറ്. ഏണിക്ക് സീഡി, താമരക്ക് കമൽ എന്നും പറയും. ഇവയുടെ ഉച്ചാരണം മലയാളത്തിൽ കൃത്യമാകണമെന്നില്ല.
പുത്തിഗെ, എൻമകജെ, മീഞ്ചെ, മഞ്ചേശ്വരം, വോർക്കാടി പഞ്ചായത്തുകളിലാണ് തുളു സംസാരഭാഷകൾ അധികമായി ഉള്ളത്. കത്തി, സുത്തിഗെ, നക്ഷത്രമെന്നാണ് തുളുവിൽ പറയുന്നത്. തുളു പ്രസംഗമാണ് ഏറ്റവും ശക്തമായി അവതരിപ്പിക്കപ്പെടുന്നത്. താമരക്ക് ടാവരെയെന്നും കമലയെന്നും പറയും. പല ഭാഷകളിലും ചിഹ്നങ്ങൾക്ക് ഒരേ പേര് തന്നെയുണ്ട്. നേരിയ വ്യത്യാസം മാത്രം. കൊങ്ങിണി വിഭാഗക്കാർക്കിടയിൽ കൊയ്തി, സുത്തിഗെ, നെക്രാട്രെയെന്നാണ് ഇടത് ചിഹ്നത്തിനെ പറയുന്നത്. ടാവരെയെന്ന് താമരക്കും നിസരിയെന്ന് ഏണിക്കും പറയും. ബ്യാരിയിലും മലയാളം കന്നട വാക്കുകളാണ് ഏറെയും ഉപയോഗിക്കുന്നത്.
ഇതര മണ്ഡലങ്ങളിലെ പ്രചാരണരീതിയിൽനിന്ന് വ്യത്യസ്തമാണ് മഞ്ചേശ്വരം. തങ്ങളുടെ ഭാഷ സംസാരിക്കുന്നവരോടാണ് വോട്ടർമാർ അടുപ്പം പുലർത്തുന്നത്. മലയാളത്തിൽ സംസാരിക്കുന്ന വലിയ നേതാക്കൾ വന്നാലും കന്നടയിലും തുളുവിലും സംസാരിക്കുന്നത് അവർക്ക് ഏറെ താൽപര്യമാണ്. ‘എല്ലാരിഗു നമസ്കാര’ എന്നെങ്കിലും നേതാക്കന്മാർ പറയുേമ്പാൾ ഉയർന്ന കൈയടി കിട്ടും. സിദ്ധരാമയ്യയെയും വീരപ്പ മൊയിലിയെയും നളിൻകുമാർ കട്ടീലിനെയും കൊണ്ടുവരുന്നത് അതിനാലാണ്. സി.പി.എമ്മും മംഗളൂരുവിലെ പാർട്ടി കാഡറുകളെ കൊണ്ടുവന്നിട്ടുണ്ട്. ഉൗരുകൂട്ടങ്ങളിലാണ് പ്രാദേശികഭാഷ ഏറെ ചെലവഴിക്കപ്പെടുന്നത്. ഏതു സ്ഥലമാണ് എന്ന് നോക്കിയാണ് ആളുകളെ നിശ്ചയിക്കുന്നത്. മഞ്ചേശ്വരത്തുകാർക്ക് ഒന്നിലധികം ഭാഷകൾ അറിയാം എന്നതാണ് പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.