'ആവശ്യമുള്ളപ്പോള്‍ മന്നം നവോത്ഥാന നായകന്‍'; ഇടതുപക്ഷ സര്‍ക്കാറിന്‍റെത് ഇരട്ടത്താപ്പുനയം - എൻ.എസ്.എസ്

ചങ്ങനാശ്ശേരി: ഭരണകര്‍ത്താക്കള്‍ അവര്‍ക്കാവശ്യമുള്ളപ്പോള്‍ മന്നത്തു പത്മനാഭനെ നവോത്ഥാന നായകനായി ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തിന്‍റെ ആരാധകരെ കൈയിലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍.

'ഗുരുവായൂർ സത്യഗ്രഹം കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ്. സത്യഗ്രഹ കമ്മിറ്റിയുടെയും പ്രചാരണ കമ്മിറ്റിയുടെയും നായകനായി തിരഞ്ഞെടുത്തതു മന്നത്ത് പത്മനാഭനെയാണ്. എന്നാൽ ഗുരുവായൂർ സത്യഗ്രഹ സ്മാരകം 2018 മേയ് 8ന് ഉദ്ഘാടനം ചെയ്തപ്പോൾ മന്നത്തിനെ ഓർമിക്കാനോ സ്മാരകത്തിൽ പേരു വയ്ക്കാനോ സർക്കാർ തയാറാകാതിരുന്നത് അധാർമികവും ബോധപൂർവമായ അവഗണനയുമാണ്. അവസരം കിട്ടുമ്പോഴെല്ലാം അവഗണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് ഒരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ദേശാഭിമാനിപത്രത്തില്‍ വന്ന ലേഖനവും, സത്യഗ്രഹ സമരസ്മാരകത്തില്‍നിന്ന് മന്നത്തിന്റെ പേര് ഒഴിവാക്കിയ സംഭവവുമെന്നും ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

വൈക്കം സത്യാഗ്രഹം, 'സവര്‍ണജാഥ', ഗുരുവായൂര്‍ സത്യാഗ്രഹം, അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനം തുടങ്ങിയ നവോത്ഥാനപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് ചരിത്രപ്രസിദ്ധമാണ്. തൊട്ടുകൂടായ്മ, തീണ്ടല്‍ തുടങ്ങിയ അയിത്താചാരങ്ങള്‍ക്ക് എതിരായി നടത്തിയ സമരമാണ് ഗുരുവായൂര്‍ സത്യഗ്രഹം. ഹൈന്ദവ ക്ഷേത്രങ്ങളില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഗുരുവായൂര്‍സത്യാഗ്രഹം കേരളനവോത്ഥാനചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.

നായര്‍ സര്‍വീസ് സൊസൈറ്റി എന്ന പ്രസ്ഥാനം കെട്ടിപ്പടുത്ത്, സമുദായത്തിന്‍റെ പുരോഗതിയിലൂടെ സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും നന്മയ്ക്കായി ജീവിതാവസാനംവരെ കഠിനാധ്വാനം ചെയ്ത കര്‍മ്മയോഗിയായിരുന്നു മന്നത്തു പത്മനാഭന്‍. ആദര്‍ശങ്ങളില്‍ മാത്രം ഒതുങ്ങിനിൽക്കാതെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. പടുത്തുയര്‍ത്തിയിട്ടുള്ള വിദ്യാലയങ്ങളും കലാലയങ്ങളും നാനാജാതി മതസ്ഥരായ സാധാരണജനങ്ങള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസപുരോഗതി കൈവരിക്കുന്നതിന് ഇന്നും ഉപകരിക്കുന്നുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുര്‍വ്യയങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യപരിഷ്‌ക്കര്‍ത്താവും ആയിരുന്നു അദ്ദേഹം. മതപരമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അദ്ദേഹം ഒരിക്കലും എതിരായിരുന്നില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു. 

Tags:    
News Summary - 'Mannam is the hero of the renaissance when needed'; Left government's double standard - NSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.