പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോവാദികളുടെ ബന്ധുക്കളുടെ ഹരജി പരിഗണിക്കാൻ പാലക്കാട് ജില്ല കോടതി തിങ്കളാഴ്ച പ്രത്യേക സിറ്റിങ് നടത്തും. ശനിയാഴ്ച വാദം കേട്ട കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുള്ള നാല് മൃതദേഹങ്ങൾ നവംബർ നാലുവരെ സംസ്കരികരുതെന്ന് നേരത്തേ ജില്ല കോടതി ഉത്തരവിട്ടിരുന്നു. മണിവാസകത്തിെൻറ സഹോദരി ലക്ഷ്മി, കാർത്തിയുടെ സഹോദരൻ മുരുകേശൻ എന്നിവരുടെ ഹരജിയിലാണ് ജില്ല ജഡ്ജി കെ.പി. ഇന്ദിരയുടെ നടപടി. നാലിനുള്ള സിറ്റിങ്ങിൽ സംസ്കാരവുമായി ബന്ധപ്പെട്ട് ഉത്തരവ് ഉണ്ടാവും.
ഏറ്റുമുട്ടൽ മരണങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി മാർഗനിർദേശങ്ങൾ പൊലീസ് പാലിച്ചില്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. വെടിവെപ്പ് വിവരം ലോക്കൽ പൊലീസിനെ അറിയിക്കാൻ വൈകി. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത് എട്ടു മണിക്കൂറിനുശേഷമാണ്. കൊല്ലപ്പെട്ടവർക്ക് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒഴുക്കൽ മട്ടിലുള്ളതും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോർട്ടാണ് പൊലീസ് സമർപ്പിച്ചതെന്നും ഹരജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി മാർഗനിർദേശം അടക്കം മുഴുവൻ നടപടിക്രമവും പാലിച്ചാണ് പൊലീസ് പ്രവർത്തിച്ചതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പൊലീസിനെതിരെ നിരോധിത സി.പി.െഎ (മാവോയിസ്റ്റ്) സംഘടനയുടെ ആളുകൾ വെടിവെപ്പ് നടത്തിയതായും ഇൻക്വസ്റ്റിന് എത്തിയ റവന്യൂ ഉദ്യോഗസ്ഥരടക്കം ഏറ്റുമുട്ടലിന് സാക്ഷികളാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.