കോഴിക്കോട്: ജില്ല കലക്ടർ സ്‌നേഹിൽ കുമാർ സിങ്ങിന് കിട്ടിയ ഭീഷണിക്കത്തിന്റെ അടിസ്ഥാനത്തിൽ ജില്ല സ്പെഷൽ ബ്രാഞ്ചും നടക്കാവ് പൊലീസും അന്വേഷണം ആരംഭിച്ചു. നവംബർ 24 മുതൽ 26 വരെ കോഴിക്കോട് ജില്ലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നടക്കുന്ന സാഹചര്യത്തിൽ കത്തിനെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ് എന്ന പേരിലാണ് കത്ത് ലഭിച്ചത്. പിണറായി സർക്കാറിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കും എന്നാണ് ഭീഷണി. കലക്ടർ സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ കത്ത് അന്വേഷണത്തിനായി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് ഭീഷണി കത്ത് കലക്ടർക്ക് ലഭിച്ചത്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
മുഖ്യമന്ത്രി പങ്കെടുത്ത കോഴിക്കോട്ടെ സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയെ ലക്ഷ്യംവെച്ചായിരുന്നു കത്തെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായത്. എന്നാൽ, കത്ത് കിട്ടിയതാവട്ടെ പരിപാടി അവസാനിച്ച ശേഷവും. നവകേരള സദസ്സിന് വൻ സുരക്ഷ ഏർപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. മാവോവാദി പ്രവർത്തകൻ തമിഴ്‌നാട് സ്വദേശി അനീഷ് ബാബു എന്ന തമ്പിയെ കഴിഞ്ഞ ആഴ്ച കൊയിലാണ്ടിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂരിലും വയനാട്ടിലും മാവോവാദി സാന്നിധ്യവും വെടിവെപ്പും റിപ്പോർട്ട് ചെയ്തതിനാൽ പൊലീസ് ജാഗ്രതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.