കൊച്ചി: പ്രതിഷേധം നിലനിൽക്കിലെ എറണാകുളം -അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടന്നു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നേരിട്ടെത്തിയാണ് സെന്‍റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന അർപ്പിച്ചത്. അതേസമയം, അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആന്‍റണി കരിയിൽ തിരുകർമ്മങ്ങളിൽ നിന്ന് വിട്ടുനിന്നു.
സീറോ മലബാർ സഭ സിനഡ് തീരുമാന പ്രകാരം ഏകീകൃത കുർബാന നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അതിരൂപതയിലെ പ്രധാന ദേവാലയമായ സെന്‍റ് മേരീസ് ബസിലിക്കയിൽ ഓശാന ഞായറാഴ്ച മാർ ആലഞ്ചേരി കുർബാന അർപ്പിച്ചത്. ഏകീകൃത കുർബാനക്കെതിരെ പ്രതിഷേധവും സംഘർഷവും നിലനിൽക്കെ ബസിലിക്കയിലും പരിസരത്തും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ഏകീകൃത കുർബാന നടപ്പാക്കണമെന്ന സിറോ മലബാർ സഭ സിനഡിന്റെ നിർദേശം നിരാകരിച്ചു കൊണ്ടുള്ള പ്രതിഷേധം സമൂഹത്തിൽ ക്രമസമാധാനഭംഗം വരുത്താൻ ഇടയാക്കരുതെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ വാർത്താകുറിപ്പിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങളെ മാനിക്കുന്നതാണ് സഭയുടെ നയം. അതുകൊണ്ടുതന്നെ അവയൊക്കെ ഔദ്യോഗിക വേദികളിൽ നിരന്തര ചർച്ചയാക്കാറുണ്ട്.
എങ്കിലും, ആത്യന്തികമായി തിരുസഭ ഔദ്യോഗികമായി നൽകുന്ന നിർദേശങ്ങളും പഠനങ്ങളും ഉൾക്കൊള്ളാനും അവ നടപ്പിൽ വരുത്താനുമാണ് സഭ വിശ്വാസികൾ ശ്രമിക്കേണ്ടത്. അതിനുപകരം സഭയെ മോശമാക്കും വിധത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത് അഭികാമ്യമല്ല. പരാതികൾക്ക് സഭാപരമായ നടപടിക്രമങ്ങൾ നിലവിലുണ്ട്. അതിനാൽ വിവേകത്തോടെ പ്രവർത്തിക്കാനും സഭ അവഹേളിതയാകുന്ന സന്ദർഭങ്ങളെ ഇല്ലാതാക്കാനും വിശ്വാസിസമൂഹം ജാഗ്രതയോടെ വർത്തിക്കണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.