പുതിയ വീടിന്‍റെ മുമ്പിൽ മറിയക്കുട്ടി

ക്ഷേമപെൻഷന് വേണ്ടി ഭിക്ഷാടനം നടത്തിയ മറിയക്കുട്ടിക്ക് വീടൊരുങ്ങി; താക്കോല്‍ദാനം 12ന്

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പരസ്യമായി പ്രതിഷേധിച്ചതിന്റെ പേരില്‍ സി.പി.എം അധിക്ഷേപിച്ച ഇരുന്നേക്കര്‍ സ്വദേശി മറിയക്കുട്ടിക്ക് കെ.പി.സി.സി വാഗ്ദാനം ചെയ്ത വീട് ഒരുങ്ങി. ജൂലൈ 12ന് വൈകുന്നേരം 4 മണിക്ക് അടിമാലിയിലെ പുതിയ വീട്ടില്‍വെച്ച് താക്കോല്‍ ദാന കര്‍മ്മം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നിര്‍വഹിക്കും. കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന 1118-ാംമത്തെ വീടാണ് മറിയക്കുട്ടിയുടേതെന്നും ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

മറിയക്കുട്ടിക്ക് സ്വന്തമായി വീടില്ലായിരുന്നു. എന്നാല്‍, ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ചതിന്റെ പേരില്‍ ഇവര്‍ക്ക് രണ്ട് വീടും ഒന്നരയേക്കര്‍ സ്ഥലവും ലക്ഷങ്ങളുടെ ആസ്തിയും ഉണ്ടെന്നും മക്കള്‍ വിദേശത്താണെന്നും ഉള്‍പ്പെടെയുള്ള വ്യാജപ്രചരണം സി.പി.എമ്മും അവരുടെ പത്രവും ഉള്‍പ്പെടെ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മറിയക്കുട്ടിക്ക് വീട് നിർമിച്ച് നല്‍കുമെന്ന് കെ. സുധാകരന്‍ പ്രഖ്യാപിച്ചത്.

കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിക്കാന്‍ 5 ലക്ഷം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്ക് കെ.പി.സി.സി കൈമാറിയിരുന്നു. മറിയക്കുട്ടിക്ക് വീട് സമയബന്ധിതമായി നിര്‍മിച്ച് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും സി.പി.എം എന്ന ക്രിമിനല്‍ പാര്‍ട്ടിയാല്‍ വേട്ടയാടപ്പെടുന്ന സാധാരണക്കാരന്റെ പ്രതീകമാണ് മറിയക്കുട്ടിയെന്നും കെ. സുധാകരന്‍ പ്രതികരിച്ചു.

സിപിഎം ഈ വന്ദ്യവയോധികയെപ്പറ്റി നവമാധ്യമങ്ങളില്‍ വ്യാജകഥകള്‍ മെനഞ്ഞു.അവരെ അതിസമ്പന്നയായി ചിത്രീകരിച്ചു.അന്നംമുട്ടിച്ച സര്‍ക്കാരിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സി.പി.എം അവരുടെ ജീവിതം കശക്കിയെറിഞ്ഞപ്പോള്‍ ചേര്‍ത്ത് പിടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. വെറുംവാക്കുകള്‍ പറയുന്ന പ്രസ്ഥാനമല്ല, പാവപ്പെട്ടവന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അവരുടെ ഹൃദയവികാരമാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനെയാണ് വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല പാർട്ടി നല്‍കിയത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ മറിയക്കുട്ടിയുടെ മകളുടെ ഭര്‍ത്താവിന്റെ വീടുനിന്ന സ്ഥലത്താണ് 650 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മ്മിച്ചത്. മറിയക്കുട്ടിയുടേയും കുടുംബത്തിന്റെയും ആഗ്രഹത്തിനും അഭിപ്രായത്തിനും അനുസരിച്ചാണ് വീടിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയതെന്നും ഇതുവരെ 12 ലക്ഷത്തോളം തുക വീട് നിര്‍മാണത്തിനായി ചെലവായെന്നും വി.പി. സജീന്ദ്രന്‍ പറഞ്ഞു.

Tags:    
News Summary - Mariakutty's house is ready; K. Sudhakaran will perform on 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.