കൊച്ചി: പരീക്ഷ എഴുതാതെ വിജയിച്ചെന്ന വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ആരോപിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ നൽകിയ പരാതിയിൽ തെളിവ് കണ്ടെത്താൻ വിഷമിച്ച് ക്രൈംബ്രാഞ്ച്. അതിവേഗ അന്വേഷണം പല തലത്തിൽ മുന്നേറിയിട്ടും ഗൂഢാലോചന തെളിയിക്കാൻ തക്ക തെളിവുകൾ ലഭിച്ചിട്ടില്ല. സാങ്കേതികപ്പിഴവെന്ന നിഗമനത്തിനാണ് മുൻതൂക്കം.
മറ്റ് പലരുടെയും ഫലത്തിൽ പിഴവുണ്ടെന്ന പ്രിൻസിപ്പലിന്റെ മൊഴി ശരിവെക്കുന്ന വിവരങ്ങളാണ് കോളജിലും നാഷനൽ ഇൻഫോമാറ്റിക്സിലും (എൻ.ഐ.സി) നടത്തിയ അന്വേഷണത്തിൽ കിട്ടിയത്. എൻ.ഐ.സിയിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതോടെ സോഫ്റ്റ്വെയർ തകരാർ സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമായി. ആർഷോ വിജയിച്ചതായി രേഖപ്പെടുത്തിയ മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിച്ചതിൽ മനഃപൂർവമായ നീക്കമുണ്ടായിട്ടുണ്ടോയെന്ന പരിശോധനയാണ് രണ്ടാംഘട്ടത്തിൽ നടക്കുന്നത്. ഇതും തെളിയിക്കാൻ ക്രൈംബ്രാഞ്ചിനായിട്ടില്ല.
അധ്യാപകർക്കോ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് കോഡ് ഉപയോഗിച്ചോ മാത്രം കയറാവുന്ന പരീക്ഷഫലം സംബന്ധിച്ച വെബ്സൈറ്റിൽനിന്ന് ആർഷോയുടെ ഫലം എങ്ങനെ പുറത്തായെന്നാണ് അന്വേഷണം. പരീക്ഷഫലം ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന് മഹാരാജാസ് കോളജിലെ ഇടത് അധ്യാപക സംഘടന നേതാക്കളിൽ ചിലർ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് വിവരം നൽകി. ഔദ്യോഗിക വെബ് സൈറ്റിലെ വിവരം സംഭവം പുറത്താകും മുമ്പുതന്നെ അധ്യാപകരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്തിരുന്നു. വിവാദത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്തിരിക്കെ, കക്ഷിചേരാൻ മഹാരാജാസ് കോളജിലെ ഇടത് അധ്യാപക സംഘടനക്കുമേൽ സമ്മർദമുണ്ടെന്നും വിവരമുണ്ട്. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വൈകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.