വടകര: വിവാഹ വിഡിയോകളില്‍നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റിൽ. വടകര ‘സദയം ഷൂട്ട് ആന്‍ഡ് എഡിറ്റിങ്’ സ്റ്റുഡിയോ ഉടമകളായ വൈക്കിലശ്ശേരി ചെറുവോട്ട് മീത്തല്‍ ദിനേശന്‍ (44), സഹോദരന്‍ സതീശന്‍ (41) എന്നിവരെയാണ് വടകര ഡിവൈ.എസ്.പി ടി.പി. പ്രേമരാജെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവില്‍ പോയ പ്രതികള്‍ തൊട്ടില്‍പാലം കുണ്ടുതോടിലെ ചെറിയച്ഛെൻറ വീട്ടില്‍നിന്ന് മറ്റു സ്ഥലത്തേക്ക് താമസം മാറ്റാനുള്ള നീക്കത്തിനിടയിലാണ് തിങ്കളാഴ്ച പുലർച്ച മൂന്നു മണിയോടെ പൊലീസിെൻറ പിടിയിലായത്.
ഇരുവരും കേസിലെ രണ്ടും മൂന്നും പ്രതികളാണെന്ന് റൂറല്‍ എസ്.പി എം.കെ. പുഷ്കരന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യപ്രതിയായ സ്റ്റുഡിയോ ജീവനക്കാരന്‍ കൈവേലി സ്വദേശി ബിബീഷിനെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള വയനാട്, ഇടുക്കി, തിരുവനന്തപുരം തുടങ്ങിയിടങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തി.
രണ്ടായിരത്തോളം ഫോട്ടോകളുള്ള ഹാര്‍ഡ് ഡിസ്കില്‍ ആറു പേരുടെ ഫോട്ടോ മാത്രമാണ് മോര്‍ഫ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഉടമകളായ ദിനേശനും സതീശനും ആറുമാസം മുേമ്പ ഇതേപ്പറ്റി അറിയാമായിരുന്നിട്ടും ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഒന്നാംപ്രതിയായ ബബീഷ് മോര്‍ഫ് ചെയ്ത ഫോട്ടോ വ്യാജ ഐഡി ഉണ്ടാക്കി ഇരകള്‍ക്കുതന്നെ അയച്ചുകൊടുത്ത് ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നെന്നാണ് പൊലീസിെൻറ സംശയം. മാനഹാനി ഭയന്ന് പലരും പുറത്തുപറയാന്‍ മടിച്ചു.
ഐ.ടി ആക്ട്, ഐ.പി.സി ആക്ട്, 354 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും പരിശോധന നടത്തും. അന്വേഷണ സംഘത്തില്‍ സി.ഐമാരായ ടി. മധുസൂദനന്‍ നായർ, സി. ഭാനുമതി, എസ്.ഐ അനിതകുമാരി, എ.എസ്.ഐ ഗംഗാധരന്‍, സീനിയര്‍ സി.പി.ഒ കെ.പി. രാജീവന്‍ എന്നിവരുമുണ്ടായിരുന്നു.
പൊലീസ് ‘കണ്ടെത്തലു’കളും നാട്ടുകാരുടെ ആരോപണവും രണ്ടുവഴിക്ക്
വിവാഹച്ചടങ്ങുകളില്‍നിന്നും മറ്റും സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ നിർമിച്ച സംഭവത്തിൽ സ്റ്റുഡിയോ ഉടമകളെ പിടികൂടിയെങ്കിലും ആശങ്ക ഒഴിയുന്നില്ല. പൊലീസിെൻറ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചതായാണ് തുടക്കത്തിലേ നാട്ടുകാരുടെ ആക്ഷേപം. ബിബീഷ് ഫോട്ടോകള്‍ മോര്‍ഫ് ചെയ്തതിനെക്കുറിച്ച് ഉടമകള്‍ക്ക് ആറു മാസം മുമ്പുതന്നെ അറിയാമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, എഡിറ്റിങ്ങില്‍ വിദഗ്ധനായ ബിബീഷിനെ ഒഴിവാക്കുന്നത് വരുമാനനഷ്ടമുണ്ടാക്കുമെന്ന് കരുതിയാണത്രെ ഒതുക്കാന്‍ ശ്രമിച്ചത്.
വിഡിയോ എഡിറ്റിങ്ങിന് ആയിരത്തിന് 400 എന്ന തോതില്‍ 40 ശതമാനം കൂലിയാണ് ഇവര്‍ നല്‍കിവന്നത്. എന്നാൽ, പുറമേരിയില്‍ ബിബീഷ് സ്വന്തമായി സ്റ്റുഡിയോ ആരംഭിച്ചിരുന്നു. ഇതിെൻറ പ്രതികാരമെന്നോണം ഉടമകള്‍ തന്നെയാണോ ഇത്തരം ഫോട്ടോകള്‍ പുറത്തുവിട്ടതെന്ന സംശയവും പൊലീസിനുണ്ട്. പ്രദേശത്തെ ചില സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്തതായുള്ള സംശയത്തെ തുടര്‍ന്ന് ആറു മാസം മുമ്പ് വടകര പൊലീസ്, സൈബര്‍ സെല്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയതായി ജനകീയ ആക്ഷന്‍ കമ്മിറ്റി പറയുന്നു. അന്ന് നടപടിയെടുക്കാത്തതിെൻറ ദുരന്തമാണിപ്പോള്‍ അനുഭവിക്കുന്നതെന്നാണ് ആക്ഷേപം. ഇതിനുശേഷം ഒരു യുവതിയുടെ ഭര്‍ത്താവും പരാതി നല്‍കിയിരുന്നു. എന്നാൽ പൊലീസ് നടപടിയൊന്നുമുണ്ടായില്ല. ചൊവ്വാഴ്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര സി.ഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതിെൻറ തൊട്ടുതലേ ദിവസം ഉടമകളെ പിടികൂടിയതിനു പിന്നില്‍ പൊലീസ് ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് നാട്ടുകാരുടെ സംശയം.
ഫേസ് ബുക്കിലൂടെയാണ് ആദ്യം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചതെന്നും പൊലീസ് കണ്ടെടുത്ത കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കില്‍ 45,000ത്തോളം അശ്ലീല ചിത്രങ്ങള്‍ ഉള്ളതായും ആക്ഷന്‍ കമ്മിറ്റി പറയുന്നു. എന്നാൽ, രണ്ടായിരത്തോളം ഫോട്ടോകളുള്ള ഹാര്‍ഡ് ഡിസ്കില്‍ ആറു പേരുടെ ഫോട്ടോ മാത്രമാണ് മോര്‍ഫ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. മാര്‍ച്ച് 23നാണ് നാട്ടുകാര്‍ സംഘടിച്ച് ഏറ്റവും ഒടുവില്‍ പരാതി നല്‍കിയത്. ഇതോടെയാണ് ആശങ്ക പരന്നത്. ഈ സ്റ്റുഡിയോക്കാർ കല്യാണ വിഡിയോ ചിത്രീകരിച്ച എല്ലാ കുടുംബങ്ങളും ഇപ്പോൾ ആശങ്കയിലാണ്. ആറു മാസം മുമ്പ് സംഭവം ചര്‍ച്ചയായെങ്കിലും ചിലര്‍ മധ്യസ്ഥശ്രമം നടത്തിയതായും അത് കാരണം പരാതി നല്‍കാന്‍ വൈകിയതായും പറയുന്നു. കേസിൽ ശാസ്ത്രീയ തെളിവെടുപ്പുകളും പരിശോധനകളും പുരോഗമിക്കുകയാണെന്നും സൈബര്‍ സെല്ലിെൻറയും മറ്റ് ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുതെന്നും പൊലീസ് പറയുന്നു. എന്നാൽ, പൊലീസിെൻറ കണ്ടെത്തല്‍ മുഖവിലക്കെടുക്കാന്‍ നാട്ടുകാര്‍ തയാറാവുന്നില്ലെന്നതാണ് യാഥാർഥ്യം.
റൂറൽ പൊലീസ് പരിധിയിൽ സൈബർ കേസുകളുടെ അന്വേഷണം വഴിമുട്ടി
മോർഫ് ചെയ്യപ്പെട്ട ഫോട്ടോകൾ പ്രചരിപ്പിക്കുക, വ്യാജ ഫോൺ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുക, ഇൻറർനെറ്റ് ബാങ്കിങ് തട്ടിപ്പ് തുടങ്ങിയ കേസുകളുടെ തുമ്പുകൾ കണ്ടെത്തുന്നതിൽ പൊലീസിലെ സൈബർ സംവിധാനം അപര്യാപ്തമാണെന്ന് വ്യാപക പരാതി. വടകരയിൽ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിച്ച സംഭവവും നാദാപുരം, വളയം സ്റ്റേഷനുകളിലെ സൈബർ പരാതികൾ തെളിയിക്കാനാവാത്തതും സൈബർ പൊലീസ് വിഭാഗത്തിെൻറ വീഴ്ചയാണെന്നാണ് പരാതി.
മോർഫ് ചെയ്യപ്പെട്ട ഫോട്ടോ ഉപയോഗിച്ച് നാദാപുരം വരിക്കോളി സ്വദേശിയായ യുവതിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ കഴിഞ്ഞ ഡിസംബറിൽ നൽകിയ കേസും വളയത്ത് എ.ടി.എമ്മിൽനിന്ന് പണം തട്ടിയ പരാതിയുമുൾപ്പെടെ നിരവധി കേസുകളാണ് എങ്ങുമെത്താതെ കെട്ടിക്കിടക്കുന്നത്. വരിക്കോളിയിലെ വീട്ടമ്മയായ യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ് കഴിഞ്ഞ ഡിസംബറിൽ നാദാപുരം പൊലീസ് രജിസ്റ്റർ ചെയ്ത് വടകരയിലെ സൈബർ വിഭാഗത്തിന് കൈമാറിയിരുന്നു. ഈ കേസിൽ പ്രതിയുടെ നമ്പറും മറ്റും പരാതിക്കാർതന്നെ പൊലീസിന് കൈമാറിയിട്ടും സൈബർ പൊലീസിന് പ്രതിയുടെ വിവരം ശേഖരിക്കാനായില്ല.
ആറു മാസം മുമ്പ് കീറിയപറമ്പത്ത് രവിയുടെ പാറക്കടവിലെ ബാങ്ക് അക്കൗണ്ടിൽനിന്ന് എ.ടി.എം മുഖേന പണം കവർന്ന സംഭവത്തിലും അന്വേഷണം എങ്ങുമെത്തിയില്ല. പണം ട്രാൻസ്ഫർ ചെയ്യപ്പെട്ട തൃശൂരിലെ ധനകാര്യ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ പരാതിക്കാരൻ വളയം പൊലീസിന് നൽകിയിട്ടും സൈബർ വിഭാഗത്തിൽനിന്ന് അന്വേഷണ റിപ്പോർട്ട് ലഭിച്ചില്ല. ആദ്യകാലങ്ങളിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ഉൾപ്പെടെ സൈബർ പൊലീസ് കണ്ടെത്താറുണ്ടെങ്കിലും അടുത്തകാലത്തായി കുറ്റകൃത്യങ്ങളുള്ള കേസുകൾ മാത്രമേ സൈബർ വിഭാഗം ഏറ്റെടുക്കുന്നുള്ളൂ. നാദാപുരം മേഖലയിൽതന്നെ നിരവധി തീവെപ്പ്, സ്ഫോടനക്കേസുകൾ പൊലീസ് കമ്പ്യൂട്ടർ വിഭാഗത്തിെൻറ റിപ്പോർട്ടിനായി കാത്തിരിക്കുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.