മാർത്തോമ്മാ സഭ വൈദിക സമ്മേളനം ചൊവ്വാഴ്ച മുതൽ ചരൽക്കുന്നിൽ

തിരുവല്ല: മാർത്തോമ്മാ സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം ചൊവ്വാഴ്ച്ച ചരൽക്കുന്നിൽ ആരംഭിക്കും. ഇന്ത്യയിലും വിദേശത്തു നിന്നുമായി 1100ലധികം വൈദികർ 4 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. വർത്തമാന കാല യുവത, ദർശനം, വീക്ഷണം, ഇടയ ശുശ്രൂഷയുടെ പ്രതിസ്പന്ദനങ്ങൾ എന്നതാണ് സമ്മേളനത്തിലെ ചിന്താവിഷയം. വൈകുന്നേരം 6.45ന് സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്യും. കോൺഫ്രൺസ് പ്രസിഡൻ്റ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷനായിരിക്കും. സഫ്രഗൻ മെത്രാപ്പോലീത്തമാരും, സഭയിലെ എല്ലാ എപ്പിസ്കോപ്പാമാരും റമ്പാൻമാരും വൈദികരും പങ്കെടുക്കും.

ബൈബിൾ സ്റ്റഡി, ഗ്രൂപ്പ് ചർച്ചകൾ, ധ്യാനം, കലാസന്ധ്യ തുടങ്ങിയവ സമ്മേളനത്തിൻ്റെ ഭാഗമാവും. ബഹിരാകാശ ഗവേഷണം, ലോക സമൂഹവും വിശിഷ്യ ഭാരത ജനതയും എന്ന വിഷയത്തിൽ വി. എസ്. എസ് സി ഡയറക്ടർ ഡോ. എസ്. ഉണ്ണക്യഷ്ണൻ നായർ, സമകാലിന ലോകത്തിൽ നിർമ്മിത ബുദ്ധിയുടെ സ്വാധീനം എന്ന വിഷയത്തിൽ കേരള സർവ്വകലാശാലാ പ്രൊഫസർ അച്യുത് ശങ്കർ . എസ്. നായർ, മാറുന്ന ഇന്ത്യൻ സാഹചര്യങ്ങളും ന്യൂനപക്ഷങ്ങളും എന്ന വിഷയത്തിൽ കേരള ഹൈകോടതി മുൻ ജ‌ഡ്ജി ജസ്റ്റീസ് കെമാൽ പാഷയും പ്രഭാഷണങ്ങൾ നടത്തും.

ഡിസംബർ ഒന്നിന് രാവിലെ 7ന് പുതിയ വികാരി ജനറാൾമാരുടെ നിയോഗ ശുശ്രൂഷ നടക്കും. തോമസ് മാർ തിമോഥെയോസ് എപ്പിസ്കോപ്പാ വിശുദ്ധ കുർബാന ശുശ്രൂഷക്ക് നേത്യത്വം നൽകും. മെത്രാപ്പൊലീത്തയുടെ സന്ദേശത്തോടെ സമ്മേളനം സമാപിക്കും. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ (പ്രസിഡൻ്റ) സഭാ സെക്രട്ടറി ഫാ. എബി. ടി. മാമ്മൻ, ഫാ. ബിജു. കെ . ജോർജ്ജ് (കൺവീനർ), ഫാ. ജോർജ്ജ് യോഹന്നാൻ (ട്രഷറർ) എന്നിവരുടെ നേത്യത്വത്തിലുളള കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Tags:    
News Summary - Marthomma Sabha Vedic Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.