മാസപ്പടി കേസ്: ഹരജി തള്ളാൻ കോടതി ചൂണ്ടിക്കാണിച്ചത് ഈ ആറ് കാരണങ്ങൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയും മകൾ വീണാ വിജയനും സി.എം.ആർ.എൽ കമ്പനിയിൽനിന്ന് മാസപ്പടി കൈപ്പറ്റിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ സമര്‍പ്പിച്ച ഹരജി തള്ളാൻ തിരുവനന്തപുരം വിജിലൻസ് കോടതി ചൂണ്ടിക്കാണിച്ചത് പ്രധാനമായും ആറുകാരണങ്ങൾ. രേഖകള്‍ ഹാജരാക്കുന്നതില്‍ കുഴൽനാടൻ പരാജയപ്പെട്ടെന്നും തെളിവിന് പകരം ആരോപണങ്ങൾ മാത്രമാണ് അവതരിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹരജി തള്ളാനുള്ള കാരണങ്ങൾ

  • ഹരജി അഴിമതിനിരോധന നിയമത്തി‍െൻറ പരിധിയിൽ വരില്ല
  • ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡ് സി.എം.ആർ.എൽ പണം നൽകിയെന്ന് പറയുന്ന മറ്റാർക്കെതിരെയും ഹരജിക്കാരൻ അന്വേഷണം ആവശ്യപ്പെടുന്നില്ല.
  • കൃത്യമായ തെളിവില്ലാതെ സർക്കാറി‍െൻറ നയപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ല.
  • സി.എം.ആർ.എൽ കമ്പനിക്ക് സർക്കാർ മിച്ചഭൂമി ഇളവ് നൽകിയിട്ടില്ല.
  • ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹരജിക്കാരൻ പരാജയപ്പെട്ടു.
  • ഇവേ ബില്ലുകൾ തെളിവായി സ്വീകരിക്കാൻ കഴിയില്ല.

‘മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാത്രം അന്വേഷിക്കുന്നത് എന്തുകൊണ്ട്?’

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്രം അന്വേഷണം ആവശ്യപ്പെടുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു. മിച്ചഭൂമി ക്രമപ്പെടുത്തുന്നത് സംബന്ധിച്ച് സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്ത സർക്കാറിന് അപേക്ഷ നൽകിയിരുന്നു.

അപേക്ഷയിൽ തുടർനടപടി സ്വീകരിക്കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി കുറിച്ചത്. ഇത് എല്ലാ മന്ത്രിമാരും ചെയ്യുന്നതാണ്. ബാക്കി നടപടി സ്വീകരിക്കേണ്ടത് അതത് വകുപ്പുകളാണ്. ഇതിൽ മുഖ്യമന്ത്രി ഇടപെട്ടെന്ന് പറയാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാത്രം അന്വേഷണം ആവശ്യപ്പെടുന്നതിനാൽ ഹരജി രാഷ്ട്രീയപ്രേരിതമെന്ന വിജിലൻസ് വാദം ബലപ്പെടുത്തുന്നു കോടതി ഉത്തരവ്.

ആദായനികുതി വകുപ്പി‍െൻറ ഇന്‍ററിം സെറ്റിൽമെന്‍റ് റിപ്പോർട്ടിൽ സി.എം.ആർ.എൽ പണം നൽകിയെന്ന് കണ്ടെത്തിയതിൽ വിവിധ രാഷ്ട്രീയ പാർട്ടികളും നേതാക്കളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. അതിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാത്രം അന്വേഷിക്കുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.

അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് വിജിലൻസ് വിലയിരുത്തിയിരുന്നു. വിജിലൻസ് പ്രോസിക്യൂഷൻ ഈ വാദം കോടതിയിൽ ഉയർത്തി. ഇതേ ആവശ്യവുമായി വിവിധ കോടതികളിൽ വന്ന ഹരജികൾ തള്ളിയത് സംബന്ധിച്ച റിപ്പോർട്ടും രേഖാമൂലം അറിയിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഹരജിയെന്നും വിജിലൻസ് വാദിച്ചു. അതേസമയം, അഴിമതിനിരോധന നിയമത്തി‍െൻറ പരിധിയിൽ വരുന്നത് മുഖ്യമന്ത്രിയും മകളും മാത്രമായതിനാലാണ് ഇവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടതെന്ന് കുഴൽനാട‍ന്‍റെ അഭിഭാഷകൻ വിശദീകരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മേൽകോടതിയെ സമീപിക്കുമെന്നും മാത്യുവിന്‍റെ അഭിഭാഷകൻ സൂചിപ്പിച്ചു. വിധി പഠിച്ച് നിലപാട് സ്വീകരിക്കുമെന്നാണ് മാത്യു കുഴൽനാട‍ന്‍റെ പ്രതികരണം. 

Tags:    
News Summary - masappadi case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.