കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടിക്കേസിൽ സാമ്പത്തിക ഇടപാടിലെ വിശദാംശം തേടി കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തത് 24 മണിക്കൂർ. വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സേവനത്തിന്‍റെ പേരിൽ 1.72 കോടി രൂപ സി.എം.ആർ.എൽ നൽകിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ. എന്തെങ്കിലും സേവനത്തിന് പ്രതിഫലമായാണ് തുക നൽകിയതെന്ന് തെളിയിക്കുന്ന വിശ്വാസ യോഗ്യമായ വിവരങ്ങൾ ഇ.ഡിക്ക് കൈമാറാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
ഈ സാഹചര്യത്തിൽ കമ്പനി ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മകൾ അടക്കമുള്ളവരെക്കൂടി വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസിയെന്നാണ് സൂചന. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ മൊഴി കൂടി രേഖപ്പെടുത്തിയശേഷം വീണയെ വിളിപ്പിക്കാനാണ് ഇ.ഡി ഉദ്ദേശിച്ചിരുന്നത്. എന്നാൽ, രണ്ടുവട്ടം നോട്ടീസ് നൽകിയിട്ടും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹാജരാകാതിരിക്കെ ഇതിന് കാക്കാതെ വീണയെ വിളിപ്പിച്ചേക്കും. അതിനിടെ, കൂടുതൽ ജീവനക്കാർക്ക് ഹാജരാകൽ നോട്ടീസ് നൽകിയിട്ടുമുണ്ട്. കർത്ത ഹൈകോടതിയെ സമീപിച്ചിരിക്കെ തീർപ്പിന് വിധേയമായിട്ടാകും തുടർനടപടികൾ. തിങ്കളാഴ്ച ഹാജരാകാനുള്ള ഇ.ഡി നോട്ടീസും തുടർന്ന് ഇന്നലെ ഹാജരാകാൻ നിർദേശിച്ചതും ശശിധരൻ കർത്ത അവഗണിക്കുകയായിരുന്നു.
സോഫ്റ്റ്വെയർ സേവനത്തിന്‍റെ പേരിൽ വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ നൽകിയെന്നായിരുന്നു നേരത്തേ ആദായനികുതിവകുപ്പിന്‍റെ ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ വായ്പ എന്ന പേരിൽ അരക്കോടിയോളം രൂപ നൽകി. ഇത് സംബന്ധിച്ചാണ് ഇ.ഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തുന്നത്. ഇടപാട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമോയെന്നാണ് ഇ.ഡി പരിശോധന. സേവനമൊന്നും ലഭിക്കാതെയാണ് പണം കൈമാറിയെന്നത് സ്ഥിരീകരിക്കേണ്ടതുണ്ട്.
ഇടപാടിൽ വീണയുടെ മൊഴി രേഖപ്പെടുത്തേണ്ടതുമുണ്ട്. കമ്പനി ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഐ.ടി ഓഫിസർ അഞ്ജു എന്നിവരാണ് ചോദ്യം ചെയ്യലിന് വിധേയരായത്. സി.എം.ആർ.എൽ 2013-14 സാമ്പത്തികവർഷം മുതൽ 2019-20 സാമ്പത്തികവർഷം വരെ കാലയളവിൽ 135 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ആദായനികുതിവകുപ്പ് കണ്ടത്തിയിരുന്നു. ഇതിൽ 95 കോടി രൂപ ചില രാഷ്ട്രീയപാർട്ടികൾക്കും വ്യക്തികൾക്കും കൈമാറിയതായാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച വിശദീകരണവും ഇ.ഡി തേടി.
ഇ.ഡി സമന്‍സിനെതിരായ ഉപഹരജി വെള്ളിയാഴ്ചത്തേക്ക് മാറ്റി
കൊച്ചി: മാസപ്പടി കേസിൽ ചോദ്യംചെയ്യലിന്റെ ഭാഗമായുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കടുത്ത നടപടികൾ ചോദ്യംചെയ്ത് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ലിമിറ്റഡ് (സി.എം.ആർ.എൽ) മാനേജിങ് ഡയറക്ടർ ശശിധരന് കര്‍ത്തയടക്കം നൽകിയ ഉപഹരജി ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ഗുരുതര ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവുമാണ് ശശിധരൻ കർത്ത ഉന്നയിച്ചത്. തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരായെങ്കിലും 24 മണിക്കൂറിലേറെ തടങ്കലിൽവെച്ച് നിയമലംഘനം നടത്തിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും കടുത്ത നടപടികളാണ് ഇ.ഡി നടത്തുന്നതെന്നുമാണ് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്.
ഏപ്രിൽ 12ന് ഹാജരാകാനാണ് ആദ്യം നോട്ടീസ് നൽകിയതെങ്കിലും ഇത് ചോദ്യംചെയ്ത് നൽകിയ പ്രധാന ഹരജി അന്ന് പരിഗണനക്ക് വന്നു. ചോദ്യംചെയ്യലിൽ കോടതി ഇടപെടാതിരുന്നതോടെ 15ന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകി. തുടർന്നാണ് കർത്ത ഒഴികെയുള്ളവർ ഹാജരായത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇ.ഡിക്ക് കത്തും നൽകിയിരുന്നു. എന്നാൽ, ചോദ്യംചെയ്യൽ 24 മണിക്കൂറിലേറെ നീണ്ടതോടെയാണ് സി.എം.ആർ.എല്ലും കർത്തയും സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റാഫേൽ കുരുവിള, ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ് കുമാർ എന്നിവരും വീണ്ടും ഹരജി നൽകിയത്.
ഉദ്യോഗസ്ഥയടക്കമുള്ളവരെ 24 മണിക്കൂർ നിയമവിരുദ്ധമായി തടങ്കലില്വെച്ചെന്നായിരുന്നു ഹരജിക്കാരായ ഉദ്യോഗസ്ഥരുടെ പ്രധാന ആരോപണം. ഒരുരാത്രി മുഴുവന്‍ ഇ.ഡി ഓഫിസില്‍ തങ്ങേണ്ടിവന്നു. തിങ്കളാഴ്ച രാവിലെ 10.30ന് ഹാജരായ ഉദ്യോഗസ്ഥരെ ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് വിട്ടത്. കമ്പനിയുടെ ഇ-മെയിൽ പാസ് വേഡുകൾ ഉൾപ്പെടെ ഇ.ഡി ആവശ്യപ്പെട്ടു. കടുത്ത നടപടികൾ ഉണ്ടാകില്ലെന്ന ഹൈകോടതി നിർദേശം ഇ.ഡി ലംഘിച്ചെന്നും ഹരജിക്കാർ ആരോപിച്ചു. ചോദ്യംചെയ്ത ശേഷം വിട്ടയച്ചില്ലേയെന്ന് കോടതി വാക്കാൽ ആരാഞ്ഞു. അതേസമയം, അറസ്റ്റുണ്ടാവില്ലെന്ന് മാത്രമാണ് ഉറപ്പ് നൽകിയതെന്നും ചോദ്യംചെയ്യൽ തുടരുമെന്നും സമയപരിധി നിശ്ചയിക്കാനാവില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
ഉദ്യോഗസ്ഥയെ ചോദ്യംചെയ്തത് ഇ.ഡി ഡയറക്ടറേറ്റിലെ വനിതയാണ്. ചോദ്യംചെയ്യൽ ഒരു ദിവസം നീണ്ടെങ്കിലും എല്ലാ സൗകര്യങ്ങളും നൽകിയിരുന്നു. കോടതി നിർദേശപ്രകാരം അന്വേഷണത്തോട് സഹകരിക്കാതിരുന്നത് ഉത്തരവിന്റെ ലംഘനമാണ്. ഇതുസംബന്ധിച്ച പ്രധാന കേസ് വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. അതിനാൽ, ഈ ഹരജിക്ക് അടിയന്തര പ്രാധാന്യമില്ലെന്നും ഇ.ഡി വാദിച്ചു. എന്നാൽ, കേസ് ഉടനടി പരിഗണിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത നടപടികൾ ഇ.ഡിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഹരജിക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. തുടർന്ന് ഇ.ഡിയോട് വിശദീകരണം തേടിയ കോടതി, ഫോൺ കാൾ റെക്കോഡുകളും സി.സി ടി.വി ദൃശ്യങ്ങളുമടക്കം ചില രേഖകളും ഹാജരാക്കണമെന്ന നിർദേശത്തോടെ ഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.