ആരോഗ്യ വകുപ്പില്‍ കൂട്ട ‘പാർട്ടി നിയമനം’; സി.പി.എമ്മിനെതിരെ യൂത്ത് ലീഗ്

ആരോഗ്യ വകുപ്പില്‍ കൂട്ട ‘പാർട്ടി നിയമനം’ -യൂത്ത് ലീഗ്

കോഴിക്കോട്: ഇടതുസർക്കാർ ദേശീയ ആയുര്‍മിഷന്റെ കീഴില്‍ സംസ്ഥാനത്ത് 900 പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറിമാരുടെ ഭാര്യമാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളുടെ ബന്ധുക്കളെയുമാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആരോഗ്യവകുപ്പ് വഴി നിയമിച്ചത്.

മതിയായ പരസ്യം നല്‍കാതെയും ഉദ്യോഗാർഥികള്‍ക്ക് ഒഴിവു സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാക്കാതെയും മുന്‍കൂട്ടി തയാറാക്കിയ പട്ടികയിലുള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലാണ് ഇൻറർവ്യൂ സംഘടിപ്പിക്കുന്നത്. 10,000 മുതല്‍ 45,000 രൂപ വരെ ശമ്പളനിരക്കുള്ള ജോലികളിലാണ് ഈ രീതിയില്‍ പാര്‍ട്ടി നിയമനം. ആദ്യം താൽകാലിക നിയമനം പിന്നീട് സ്ഥിരം നിയമനം എന്ന രീതിയാണ് തുടരുന്നത്.

മലപ്പുറം ജില്ലയിലെ എടക്കര ഗവ. ആശുപത്രിയില്‍ മാത്രം ആകെ 28 ജീവനക്കാരില്‍ മൂന്ന് സ്ഥിരം ജീവനക്കാ​രെയും 12 താൽകാലിക ജീവനക്കാരെയും നിയമിച്ചത് പാര്‍ട്ടി നിയമനമാണ്. താൽകാലിക ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം ലഭിക്കുന്നതിനുള്ള നീക്കങ്ങള്‍ ഇതിനകം ആരംഭിക്കുകയും ചെയ്തു.

കപ്പിത്താനില്ലാതെ ആരോഗ്യവകുപ്പിന്റെ കപ്പൽ ആടിയുലയുകയാണെന്നും ഫിറോസ് പരിഹസിച്ചു. അനധികൃത നിയമനങ്ങൾ പൂർണമായും റദ്ദാക്കണമെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം നിയമപോരാട്ടവും പ്രക്ഷോഭവും ആരംഭിക്കു​മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രഷറർ പി. ഇസ്മയില്‍, വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - Mass back door recruitment in health department says Youth League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.