കൊച്ചി: പി.എസ്.സിവഴി നിയമനം ലഭിച്ചവരെ നിയമിക്കുന്നതിനായി പട്ടികജാതി വികസന വകുപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടതരംതാഴ്ത്തൽ. സ്ഥാനക്കയറ്റം വഴി നിയമനം വഭിച്ച 26 ഉദ്യോഗസ്ഥരെയാണ് തരംതാഴ്ത്തിയത്. ഇതിൽ 22 പേർ പട്ടികജാതി വികസന ഓഫിസർമാരും നാലുപേർ ഹെഡ്ക്ലർക്കുമാരുമാണ്. ഇവരെ തരംതാഴ്ത്തി സർക്കാർ ഉത്തരവും ഇറങ്ങി. ഇടുക്കി -3, തൃശൂർ -4, കാസർകോട് -2, മലപ്പുറം -5, കോഴിക്കോട് -1, ആലപ്പുഴ -1, പാലക്കാട് -2, പത്തനംതിട്ട -1, തിരുവനന്തപുരം -4, വയനാട് -1, എറണാകുളം -2 എന്നിങ്ങനെയാണ് ഉദ്യോഗസ്ഥരെ തരംതാഴ്ത്തിയത്. പട്ടികജാതി വികസന ഓഫിസർമാരായി പി.എസ്.സി നിയമനം ലഭിച്ചവരെ നിയമിക്കാൻ തസ്തികകളില്ലാതെ വന്നതോടെയാണ് ഉദ്യോഗസ്ഥരെ തരം താഴ്ത്തിയത്. പട്ടികജാതി വികസന ഓഫിസർ ഗ്രേഡ് -2 തസ്തികയിലുള്ള 22 പേരെ ഹെഡ് ക്ലർക്ക് /സീനിയർ ക്ലർക്ക് തസ്തികകളിലേക്കും ഹെഡ് ക്ലർക്ക് തസ്തികയിലുള്ള നാലുപേരെ സീനിയർ ക്ലർക്ക് തസ്തികയിലേക്കുമാണ് തരം താഴ്ത്തിയത്. സമാന രീതിയിൽ സീനിയർ ക്ലർക്ക് തസ്തികയിലെ ജീവനക്കാരെ ക്ലർക്ക് തസ്തികയിലേക്ക് തരം താഴ്ത്തേണ്ടി വരും. തരം താഴ്ത്തരുതെന്ന അഡ്മിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവ് നിലനിൽക്കെയാണ് ഇത് മറികടന്ന് ഉത്തരവിറക്കിയതെന്നാണ് ജീവനക്കാരുടെ ആരോപണം. ഇതിന് പുറമെ വകുപ്പിൽ നിലവിലുള്ള പട്ടികജാതി വികസന ഓഫിസർ ഗ്രേഡ്-2 തസ്തികയിൽ 50:50 എന്ന നിലയിൽ നേരിട്ടുള്ള നിയമനം നടത്തണമെന്ന വിശേഷാൽ ചട്ടം വരുന്ന രണ്ടിനകം ഭേദഗതി ചെയ്യണമെന്ന് കോടതി നിർദേശം നിലവിലുണ്ടെന്നും ഇവർ പറയുന്നു. സർക്കാർ തീരുമാനം വകുപ്പിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിക്കുമെന്ന ആക്ഷേപം ഉയരുന്നുണ്ട്.
തരം താഴ്ത്തലിന്റെ ഭാഗമായി വകുപ്പിലെ 26 സീനിയർ ക്ലർക്കുമാർ ജൂനിയർ ക്ലർക്കുമാരാകേണ്ടിവരും. ഈ സാഹചര്യത്തിൽ നിലവിലെ ജൂനിയർ ക്ലർക്കുമാർ വകുപ്പിൽനിന്ന് പുറത്ത് പോകേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുപോലെ അറ്റൻഡർ തസ്തികയിൽനിന്ന് ജൂനിയർ ക്ലർക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചവർ വീണ്ടും അറ്റൻഡർ സ്ഥാനത്തേക്ക് താഴ്ത്തപ്പെടുമ്പോൾ വകുപ്പിലെ ജൂനിയർ ലാസ്റ്റ്ഗ്രേഡ് ജീവനക്കാർക്കും പുറത്ത് പോകേണ്ടി വരുമെന്നാണ് വിവരം.
അതേസമയം, നേരിട്ട് നിയമനം ലഭിച്ചവർക്ക് നിയമനം നൽകുമ്പോൾ തരംതാഴ്ത്തുമെന്ന വ്യവസ്ഥയോടെ താൽക്കാലികമായാണ് ഇപ്പോൾ തരംതാഴ്ത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയതെന്നാണ് പട്ടികജാതി വികസന ഡയറക്ടർക്ക് വേണ്ടി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.