കോഴിക്കോട്: 147 വില്ലേജ് ഓഫിസർമാർക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായി സ്ഥാനക്കയറ്റം നൽകി ചരിത്രംകുറിച്ചതിനു പിന്നാലെ 205 പേർക്ക് വില്ലേജ് ഓഫിസർമാരായി സ്ഥാനക്കയറ്റം. പകരം ഉദ്യോഗസ്ഥർ വരുന്നതുവരെ കാത്തുനിൽക്കാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് 30ഉം 35ഉം വില്ലേജ് ഓഫിസർമാരെ ഒറ്റയടിക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായി ഉയർത്തിയതോടെ ഒഴിവുവന്ന വില്ലേജുകളിലും ട്രൈബ്യൂണലുകളിലും വില്ലേജ് ഓഫിസർ, റവന്യൂ ഇൻസ്പെക്ടർ, ഹെഡ് ക്ലർക്ക് തസ്തികകളിലേക്കാണ് സ്ഥാനക്കയറ്റം നൽകിയത്. പകരം വില്ലേജ് ഓഫിസർമാരെ നിയമിക്കാതെ ഡെപ്യൂട്ടി തഹസിൽദാർമാർക്ക് സ്ഥാനക്കയറ്റം നൽകിയത് വില്ലേജുകളെ ‘ഇൻ ചാർജ്’ ഭരണത്തിലാക്കും എന്ന ആക്ഷേപം ഉയർന്നിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഡെപ്യൂട്ടി തഹസിൽദാർമാർക്ക് സ്ഥാനക്കയറ്റം നൽകിയത്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ചുമതല നൽകി വില്ലേജുകളിൽനിന്ന് ഉടൻ വിടുതൽ നേടി ഡെപ്യൂട്ടി തഹസിൽദാർ പദവി ഏറ്റെടുക്കാനായിരുന്നു നിർദേശം. എന്നാൽ, സ്ഥാനക്കയറ്റം ലഭിച്ചവർക്ക് ഒരാഴ്ച കഴിഞ്ഞിട്ടും ചുമതലയേൽക്കാൻ ആളില്ലാത്തതിനാൽ വിടുതൽ നേടാനായില്ല. ഒരുമിച്ച് ഡെപ്യൂട്ടി തഹസിൽദാർമാരായി സ്ഥാനക്കയറ്റം നൽകി വിടുതൽ നൽകുന്നത് വില്ലേജ് ഓഫിസുകളുടെ പ്രവർത്തനം താളംതെറ്റിക്കുമെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്ന് 205 പേരെ വില്ലേജ് ഓഫിസർമാരായി ഒരുമിച്ച് സ്ഥാനക്കയറ്റം നൽകുന്നതും സംസ്ഥാനത്ത് ആദ്യമായി.
ഡെപ്യൂട്ടി തഹസിൽദാർമാരെ തഹസിൽദാർമാരാക്കാനുള്ള നടപടികൾ വകുപ്പിൽ ഊർജിതമായി നടക്കുന്നതിന്റെ മുന്നോടിയായാണ് വില്ലേജ് ഓഫിസർമാർക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായി സ്ഥാനക്കയറ്റം നൽകിയതെന്നാണ് വിവരം. ഈ പട്ടിക ഉടനിറങ്ങും. സ്ഥാനക്കയറ്റം ലഭിച്ചവരിൽ ആർക്കെങ്കിലും അച്ചടക്ക നടപടിയോ വിജിലൻസ് കേസോ ഉണ്ടെങ്കിൽ അനുവദിച്ച സ്ഥാനക്കയറ്റം പുനഃപരിശോധിക്കുമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.