തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടർ വിഭാഗം ജീവനക്കാർക്ക് അപ്രതീക്ഷിത കൂട്ട സ്ഥലംമാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഡിപ്പോകളിൽനിന്നുള്ള 285 പേരെയാണ് വടക്കൻ ജില്ലകളിലേക്ക് സ്ഥലംമാറ്റി കഴിഞ്ഞദിവസം ഉത്തരവിറങ്ങിയത്. സിംഗിൾ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്തിയതിെൻറ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് ഒൗദ്യോഗിക വിശദീകരണം.
അതേസമയം, മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നടപടിയിൽ പ്രതിഷേധിച്ച് ജീവനക്കാർ മെല്ലപ്പോക്ക് സമരത്തിലാണ്. ഭരണാനുകൂല സംഘടനകളടക്കം ഇതിനെതിരെ രംഗത്തെത്തിയുണ്ട്. എന്നാൽ 600 പേരുടെ പട്ടികയാണ് പരിഗണിച്ചതെന്നും മണ്ഡലകാലമായതിനാലാണ് 285ൽ പരിമിതപ്പെടുത്തിയതെന്നുമാണ് മാനേജ്െമൻറിൽനിന്ന് ലഭിക്കുന്ന വിവരം. കൊല്ലം ഡിപ്പോയിൽ നിന്നുള്ള 24 പേരെ കണ്ണൂരേക്കാണ് മാറ്റിയിരിക്കുന്നത്. ചാത്തന്നൂരിെല ഏഴ് പേർക്ക് കൽപറ്റയിലേക്കും കരുനാഗപ്പള്ളിയിലെ 11 പേർക്ക് മാനന്തവാടിയിലേക്കും കൊട്ടാരക്കരയിലെ 16 പേർക്ക് തലശ്ശേരിയിേലക്കുമാണ് സ്ഥലംമാറ്റം. പാലോട് ഡിപ്പോയിലെ ഏഴ് പേരെ പാലക്കാടേക്ക് മാറ്റിയപ്പോൾ പത്തനാപുരം ഡിപ്പോയിലെ ഒമ്പത് പേരെ കാഞ്ഞങ്ങാടേക്കാണ് തട്ടിയത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ 26 പേർക്ക് പാല, തൊടുപുഴ, മൂലമറ്റം, നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിലേക്കാണ് മാറ്റം. പുനലൂർ ഡിപ്പോയിലെ ഏഴും കുളത്തൂപ്പുഴയിലെ അഞ്ചും അടൂരിലെ അഞ്ചും പന്തളത്തെ നാലും പത്തനംതിട്ടയിലെ എട്ടും കണ്ടക്ടർമാരെ അയച്ചിരിക്കുന്നത് കാസർകോടേക്കാണ്.
ആര്യനാട്, വിതുര ഡിപ്പോകളിലുള്ള ആറ് പേർ ഇനി ജോലിചെയ്യേണ്ടത് കോഴിക്കോടാണ്. വെഞ്ഞാറമൂട്ടിലെ 10 പേരെ കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്. ആറ്റിങ്ങലിൽ 15 പേർക്കാണ് സ്ഥലംമാറ്റം, അതും തിരുവമ്പാടിയിലേക്ക്. കിളിമാനൂരിലെ 15 പേരെ മാറ്റിയിരിക്കുന്നത് സുൽത്താൻ ബത്തേരിയിലേക്കാണ്. ചടയമംഗലത്തെ ആറുപേർ ഇനി ജോലിചെയ്യേണ്ടത് തലശ്ശേരിയിലാണ്. നെടുമങ്ങാട് ഡിപ്പോയിൽ 21 പേർക്കാണ് സ്ഥലംമാറ്റം. ഇവരെ അയച്ചിരിക്കുന്നത് തൃശൂർ, ഗുരുവായൂർ, പാലക്കാട് ജില്ലകളിലേക്കാണ്. വനിത ജീവനക്കാരും പെൻഷനാകാൻ ഒരുവർഷത്തിൽ താഴെയുള്ളവരും ലിസ്റ്റിൽ പെട്ടിട്ടുണ്ട്. ഒരുമാസം മുമ്പ് ഡ്രൈവർ വിഭാഗം ജീവനക്കാരെയും ഇത്തരത്തിൽ സ്ഥലംമാറ്റിയിരുന്നു. സാധാരണ മാർച്ച്, മേയ് മാസങ്ങളിലാണ് എല്ലാ മേഖലയിലുമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം അനുവദിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിൽ ഇതും ലംഘിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.