വാഹനാപകട ഇൻഷുറൻസ്: നടന്നത് വമ്പൻ തട്ടിപ്പുകൾ

തിരുവനന്തപുരം: വാഹനാപകട ഇൻഷുറൻസുമായി ബന്ധപ്പെട്ട് നടന്നത് വമ്പൻ തട്ടിപ്പുകൾ. ഒരേ വാഹനങ്ങൾ വെച്ച് നിരവധി കേസുകൾ ഫയൽ ചെയ്ത് ഇൻഷുറൻസ് തുക തട്ടിച്ചെന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്.

മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത വാഹനാപകട എഫ്.ഐ.ആറില്‍ പ്രതി ഓട്ടോറിക്ഷ ഡ്രൈവറായ സുരേഷ്കുമാറാണ്. മ്യൂസിയം ഭാഗത്തുനിന്ന് നന്തൻകോട് ഭാഗത്തേക്ക് അമിതവേഗത്തിൽ സുരേഷ് ഓടിച്ച വാഹനമിടിച്ച് തമിഴ്നാട് സ്വദേശി രാജന് ഗുരുതരമായി പരിക്കേറ്റെന്നാണ് എഫ്.ഐ.ആർ. 2018 ആഗസ്റ്റ് 29ന് നടന്നതായി പറയപ്പെടുന്ന സംഭവത്തിൽ കേസെടുത്തത് 2019 ജനുവരി ഏഴിനാണ്.

അതേമാസം പത്തിന് ഓട്ടോറിക്ഷയുടെ വലതുവശത്ത് അപകടമുണ്ടായതിൽ വാഹനത്തിന് തകരാറുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ടും നൽകി. തിരുവനന്തപുരം എം.എ.സി.ടി കോടതിയിൽ 12 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജൻ കേസ് നൽകി. അപകടം നടന്ന് നാല് മാസത്തിനുശേഷം കേസെടുത്തതും വാഹനത്തിന്‍റെ കേടുപാടുകൾ നാലുമാസമായി പരിഹരിക്കാത്തതുമാണ് ക്രൈംബ്രാഞ്ചിന്‍റെ സംശയത്തിനിടയാക്കിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മ്യൂസിയം ഭാഗത്തുണ്ടായ അപകടം വ്യാജമാണെന്ന് കണ്ടെത്തി. എഫ്.ഐ.ആറിൽ പറയുന്ന ദിവസം രാജന് അപകടം സംഭവിച്ചിരുന്നു. 2018 ആഗസ്റ്റ് 18ന് രാജന് അപകടമുണ്ടാകുന്നത് തമിഴ്നാട് പാലൂരിൽ വെച്ചാണ്. രാജൻ ഓടിച്ച വാഹനം നിയന്ത്രണംവിട്ട് രണ്ട് വാഹനങ്ങളിൽ ഇടിച്ചു. രാജന്‍റെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി ശരീരത്തിൽ തറച്ച് ഗുരുതര പരിക്കേറ്റെന്നാണ് എഫ്.ഐ.ആർ.

തമിഴ്നാട്ടിലെ ആശുപത്രിയിൽനിന്ന് രാജനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇത് മറച്ചുവെച്ച് ഇടനിലക്കാരും അഭിഭാഷകരും പൊലീസും ഒത്തുകളിച്ച് തിരുവനന്തപുരത്ത് കള്ളക്കേസുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. വിദേശത്തുവെച്ച് പരിക്കേറ്റ സംഭവം കേരളത്തിലാണെന്ന വ്യാജരേഖയുണ്ടാക്കിയും ഇൻഷുറൻസ് തുക തട്ടാൻ ശ്രമമുണ്ടായെന്നും കണ്ടെത്തി. ഈ കേസുകളിലും വരുംദിവസങ്ങളിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കും. 

Tags:    
News Summary - Massive Scams related with Accident Insurance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.