പത്തനംതിട്ട: വനം വകുപ്പ് കസ്റ്റഡിയിൽ ചിറ്റാറിലെ ഫാം ഉടമ കിണറ്റിൽ മരിച്ച കേസിൽ വനപാലകർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ അടക്കം 10 വകുപ്പ് ചുമത്തി പൊലീസ് റിപ്പോർട്ട്. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരെയും പ്രതിചേർത്തിട്ടില്ല. അസ്വാഭാവിക മരണത്തിന് കേെസടുക്കണമെന്ന് റിപ്പോർട്ടിലുണ്ട്. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടൽ, അന്യായ തടങ്കൽ, ഭീഷണി, ശാരീരിക-മാനസിക പീഡനം, കൃത്രിമരേഖ ചമക്കൽ, സത്യവിരുദ്ധ കാര്യങ്ങൾ സത്യമെന്ന വ്യാജേന സമർപ്പിക്കുക, തെളിവ് നശിപ്പിക്കൽ, സർക്കാർ ജീവനക്കാർ തെറ്റായ രേഖ ചമക്കൽ വകുപ്പുകളാണ് ഉൾപ്പെടുത്തിയത്. ജില്ല ഗവ. പ്ലീഡർ എ.സി. ഈപ്പൻ നൽകിയ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി.
മത്തായിയെ കസ്റ്റഡിയിൽ എടുക്കുംമുമ്പ് വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തില്ല. കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയില്ല, മരണശേഷം ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ജി.ഡി കടത്തിക്കൊണ്ടുപോയി കൃത്രിമം നടത്തി തുടങ്ങിയ നിയമലംഘനങ്ങൾ റിപ്പോർട്ടിലുണ്ട്. ജൂലൈ 28നാണ് മത്തായിയെ ചിറ്റാർ കുടപ്പനക്കുളത്തെ കുടുംബവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടത്. വനത്തിൽ സ്ഥാപിച്ച കാമറ മോഷ്ടിച്ചതിന് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ കിണറ്റിൽ ചാടി എന്നായിരുന്നു വനപാലകരുടെ വിശദീകരണം. സാക്ഷിയെന്ന് പറയുന്ന യുവാവിെൻറ ഫോണിൽനിന്ന് വനപാലകർ മത്തായിയുടെ ഭാര്യ ഷീബയെ വിളിച്ച് കേസ് ഒതുക്കാൻ 75,000 രൂപ ആവശ്യപ്പെട്ടതായും തെളിഞ്ഞിരുന്നു. യുവാവ് വ്യാജസാക്ഷിയാണെന്ന് പൊലീസ് കണ്ടെത്തി. ഭർത്താവിെൻറ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ്ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് ഷീബ. 17ാം ദിവസവും മൃതദേഹം സ്വകാര്യ ആശുപത്രിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.