രാഷ്​ട്രീയത്തിൽ നന്ദികേട്​ ആവാം; നെറികേട്​ ഭൂഷണമല്ലെന്ന്​ മാത്യു കു​ഴൽനാടൻ

കോട്ടയം: യു.ഡി.എഫ് വിട്ട് ഇടതുപക്ഷ മുന്നണിയോടൊപ്പം ചേർന്ന കേരള കോൺഗ്രസ്​​ ജോസ്​ കെ.മാണി വിഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി നിര്‍വാഹക സമിതി അംഗം മാത്യു കുഴല്‍നാടൻ. രാഷ്ട്രീയത്തിൽ നന്ദികേട് ആവാമെന്നും എന്നാൽ ജോസ്​ കെ മാണി കാണിച്ചത്​ നെറികേടാണെന്നും കുഴൽനാടൻ ഫേസ്​ബുക്ക്​ കുറിപ്പിലൂടെ വിമർശിച്ചു.

ബാർ കോഴ വിഷയത്തിൽ കോൺഗ്രസ് കെ. എം. മാണിയെ സംരക്ഷിച്ചില്ല എന്നതാണ് മുന്നണി വിടുന്നതിന് ഒരു കാരണമായി ജോസ് കെ. മാണി പറഞ്ഞത്. ഇതേ വിഷയത്തിൽ നിയമസഭയിൽ എൽ.ഡി.എഫ്​ അംഗങ്ങൾ സംഘർഷമുണ്ടാക്കിയപ്പോൾ കെ.എം മാണിയെ സംരക്ഷിച്ചത്​ കോൺഗ്രസി​െൻറയും യു.ഡി.എഫി​െൻറയും എം.എൽ.എമാരായിരുന്നു. അന്നത് രാഷ്ട്രീയ ധാർമികതയുടെയും മുന്നണി മര്യാദയുടെയും പ്രശ്നമായിരുന്നു. രാഷ്ട്രീയ അഭയത്തിന് വേണ്ടി ഇടതുപക്ഷമാണ്​ ശരിയെന്ന്​ നിലപാടടെടുക്കുന്നത്​ കെ. എം. മാണിയുടെ ആത്മാവ് പോലും പൊറുക്കില്ലെന്നും മാത്യു കുഴൽനാടൻ വിമർശിച്ചു.

കെ.എം മാണി എന്ന നേതാവിൻെറ പിൻഗാമിയാവാനുള്ള യോഗ്യത ജോസിനില്ലെന്ന്​ സ്വയം തെളിയിച്ചിരിക്കുകയാണ്​. പിതാവിനെ കോഴ മാണി എന്ന് വിളിച്ചാക്ഷേപിച്ച് വേട്ടയാടിയവർക്ക് മുന്നിലാണ്​ അടിയറവ്​ വച്ചിരിക്കുന്നതെന്നും കുഴൽനാടൻ ഓർമ്മിപ്പിച്ചു. രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടി ജോസ്​ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ സഹതാപം തോന്നുവെന്നും ഇതിൽ നിന്നും കോൺഗ്രസ്​ നേതാക്കൾ പലതും പഠിക്കാനുണ്ടെന്നും മാത്യു കുഴൽനാടൻ തുറന്നടിച്ചു.

ഫേസ്​ബുക്ക്​ കുറിപ്പി​െൻറ പൂർണരൂപം

രാഷ്ട്രീയത്തിൽ നന്ദികേട് ആവാം, പക്ഷേ നെറികേട് ആർക്കും ഭൂഷണമല്ല..

ബാർ കോഴ വിഷയത്തിൽ കോൺഗ്രസ് കെ. എം. മാണിയെ സംരക്ഷിച്ചില്ല എന്നതാണ് മുന്നണി വിടുന്നതിന് ഒരു കാരണമായി ജോസ് കെ. മാണി പറഞ്ഞത്. വന്ദ്യവയോധികനായിരുന്ന അങ്ങയുടെ പിതാവിനു നേരെ നിയമസഭയിൽ ഇന്നു താങ്കൾ കൈകോർക്കുന്നവർ ആക്രോശവുമായി വേട്ടപ്പട്ടികളെപ്പോലെ പാഞ്ഞടുത്തപ്പോൾ രക്ഷാകവചം തീർത്തത് കൊൺഗ്രസ്സിന്റെയും യുഡിഫിന്റെയും എം എൽ എമാരായിരുന്നു എന്നത് താങ്കൾ വിസ്മരിച്ചാലും കേരള സമൂഹം വിസ്മരിക്കില്ല. അന്നത് രാഷ്ട്രീയ ധാർമികതയുടെയും മുന്നണി മര്യാദയുടെയും പ്രശ്നമായിരുന്നു, കോൺഗ്രസ്സിനെ സംബന്ധിച്ച്. രാഷ്ട്രീയ അഭയത്തിന് വേണ്ടി അവരാണ് ശരിയായ പക്ഷമെന്ന് താങ്കൾ പറയുന്നത് കെ. എം. മാണിയുടെ ആത്മാവ് പോലും പൊറുക്കില്ല.

കേരള രാഷ്ട്രീയത്തിലെ വലിയ ഒരു പാരമ്പര്യത്തിന്റെ അന്ത്യകൂദാശയാണ് നടന്നിരിക്കുന്നത്.. കെ എം മാണി എന്ന നേതാവിന്റെ പിൻഗാമിയാവാനുള്ള യോഗ്യത നിങ്ങൾക്കില്ലെന്നു നിങ്ങൾ സ്വയം തെളിയിച്ചിരിക്കുന്നു.

കെ. എം. മാണി എന്ന നേതാവിനെ കോഴ മാണി എന്ന് വിളിച്ചാക്ഷേപിച്ച് അദ്ദേഹത്തെ വേട്ടയാടിയവർക്ക് മുന്നിൽ സകലതും അടിയറ വയ്ക്കുമ്പോൾ ഒന്നോർക്കുന്നതു നല്ലത്.. കെ എം മാണി എന്ന താങ്കളുടെ പിതാവിനെ രാഷ്ട്രീയമായും വ്യക്തിപരമായും ഇത്രയേറെ തളർത്തിയ ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അതു തെറ്റായി പോയി എന്ന് ഇടതുപക്ഷം തന്നെ പറഞ്ഞിട്ടും, കെ എം മാണിയോട് മാപ്പ് പറയണം എന്ന് പറയാനുള്ള കരുത്തും തന്റേടവും ഒന്നും ജോസ് കെ മാണി എന്ന നേതാവിനില്ല എന്ന് ഞങ്ങൾക്കറിയാം എന്നാലും കെ എം മാണിയുടെ മകൻ എന്ന നിലയ്ക്കെങ്കിലും ഒരു വാക്ക് പറയാതിരുന്നത് ആ പിതാവിനോട് ചെയ്ത നെറികേടാണ്. രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടി താങ്കൾ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ കാണുമ്പോൾ സഹതാപം മാത്രമേ ഉള്ളു..

കോൺഗ്രസ്സ് നേതാക്കളും പഠിക്കാനുണ്ട്..

പൂർവികർ പറഞ്ഞ ഒരു കാര്യം ഓർത്ത് പോകുന്നു.. "അട്ടയെ പിടിച്ചു മെത്തയിൽ കിടത്തരുത്.."

ഇനിയും അട്ടകൾ അതിലെയും ഇതിലെയും നടക്കുന്നുണ്ട്..

കൂടുതൽ പറയുന്നില്ല.. അന്നേ പറഞ്ഞിരുന്നു..

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.