പിതാവും മകനും മരിച്ചത് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച്; ബോംബ് എവിടെ നിന്ന് കിട്ടി​യെന്ന് അന്വേഷിക്കുമെന്ന് പൊലീസ്

മട്ടന്നൂര്‍: ബുധനാഴ്ച 19ാം മൈല്‍ കാശിമുക്കിലെ വാടക വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ അസം സ്വദേശികളായ പിതാവും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതം. പൊട്ടിയത് സ്റ്റീല്‍ ബോംബ് ആണെന്നാണ് സൂചന. സ്‌ഫോടനം നടന്ന മുറിയില്‍നിന്ന് ലഭിച്ച സ്റ്റീല്‍ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് വിഭാഗം വിശദമായി പരിശോധിച്ചു. ബോംബ് എവിടെനിന്ന് ലഭിച്ചുവെന്നത് അന്വേഷിച്ചുവരുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു.

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്നും ഇവർ പ്ലാസ്റ്റിക് ബോട്ടില്‍ ശേഖരിക്കാറുണ്ട്. അതിനാൽ എവിടെ നിന്നാണ് ഇവർക്ക് സ്റ്റീൽ ബോംബ് ലഭിച്ചതെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. പാഴ്വസ്തുക്കൾക്കൊപ്പം ലഭിച്ച സ്റ്റീല്‍ പാത്രം വീടിനുള്ളില്‍ തുറന്നുനോക്കുമ്പോള്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടുത്തകാലത്തൊന്നും ഈ മേഖലയില്‍ ബോംബ് സ്‌ഫോടനങ്ങളോ മറ്റ് രാഷ്ട്രീയ സംഘര്‍ഷങ്ങളോ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഏത് ഭാഗത്തുനിന്നാണ് ഇവ ലഭിച്ചതെന്നാണ് അന്വേഷിച്ചുവരുന്നത്.

ഫസല്‍ഹഖ് (52), മകന്‍ ഷഹിദുൽ ഹാ (24) എന്നിവരാണ് മരിച്ചത്. അസം സ്വദേശികളും ബന്ധുക്കളുമായ അഞ്ചുപേരാണ് ഓടുമേഞ്ഞ വാടകവീട്ടില്‍ കഴിഞ്ഞ കുറെ മാസമായി താമസിക്കുന്നത്. സഹവാസികളില്‍നിന്ന് പൊലീസ് കൂടുതല്‍ വിവരം ശേഖരിച്ചുവരുകയാണ്. ഫസല്‍ഹഖിന്റെ മൂത്ത മകന്‍ പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് അപകടം.

റോഡിന്റെ ഓരത്ത് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളായിരുന്നു ഇവരുടെ ഉപജീവനമാര്‍ഗം. ഇതുവഴി നാടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കൂടി സേവനം ചെയ്തുവന്നവരാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്.

സ്‌ഫോടന ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ ഷഹിദുൽ ഹാ കൈപ്പത്തി വേറിട്ട നിലയില്‍ താഴെ ഇരിക്കുകയായിരുന്നു. പിന്നീടാണ് മുകള്‍ നിലയില്‍ ഫസല്‍ ഹഖിനെ മരിച്ച നിലയില്‍ കണ്ടത്.

കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ, എ.സി.പി പ്രദീപൻ കണ്ണിപൊയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻപൊലിസ് സംഘം സ്ഥലം സന്ദർശിച്ചിരുന്നു. കണ്ണൂരിൽ നിന്നുമെത്തിയ ബോംബ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. മട്ടന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Mattannur bomb blast: Father and son killed by steel bomb blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.