കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ മാവേലി എക്സ്പ്രസ് നിർത്തിയത് തെറ്റായ ട്രാക്കിൽ. ഒന്നാം ട്രാക്കിൽ നിർത്തേണ്ട ട്രെയിൻ പാളംമാറി ഒന്നാം ട്രാക്കിനും രണ്ടാം ട്രാക്കിനും ഇടയിലെ പാളത്തിലാണ് ചെന്നുകയറിയത്. സ്റ്റേഷനിൽ നിർത്താത്ത സൂപ്പർഫാസ്റ്റ് എക്സ്പ്രസുകളും ചരക്കുവണ്ടികളും മാത്രം സഞ്ചരിക്കുന്ന ട്രാക്കിൽ ഈ സമയം മറ്റ് വണ്ടികൾ കടന്നുവരാത്തതിനാൽ വൻദുരന്തം ഒഴിവായി. മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ട്രാക് മാറി സഞ്ചരിച്ചത്. ട്രെയിൻ ഇന്നലെ വൈകീട്ട് 6.45 മണിയോടുകൂടിയാണ് കാഞ്ഞങ്ങാട് സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽനിന്ന് സിഗ്നൽ മാറി നൽകിയതാണ് ട്രെയിൻ രണ്ടാം ട്രാക്കിലൂടെ സഞ്ചരിക്കാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. ഒന്നാം ട്രാക്കിൽ വരേണ്ട മാവേലി എക്സ്പ്രസ് മധ്യത്തിലുള്ള ട്രാക്കിലൂടെ വരുന്നതുകണ്ട് യാത്രക്കാരും അന്ധാളിച്ചു.
അബദ്ധം പറ്റിയെന്ന് അറിഞ്ഞതോടെ സമീപ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് മറ്റ് ട്രെയിനുകൾ കടന്നുവരുന്നില്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം പാലക്കാട് ഡിവിഷൻ ഓഫിസിൽനിന്ന് പ്രത്യേക അനുമതി വാങ്ങി, മധ്യത്തിലുള്ള ട്രാക്കിൽ മാവേലി എക്സ്പ്രസ് നിലയുറപ്പിച്ചിട്ടുണ്ട് എന്നും യാത്രക്കാർക്ക് കയറാമെന്നും അറിയിപ്പു നൽകുകയായിരുന്നു.
വൃദ്ധരും കുട്ടികളും ഉൾപ്പടെയുള്ളവർ ഏറെ പ്രയാസപ്പെട്ടാണ് വണ്ടിയിൽ കയറിയത്. ബാഗുകളും കുട്ടികളുമായും പ്രായമായവരെ ചേർത്തുപിടിച്ചും യാത്രക്കാർ പ്ലാറ്റ്ഫോമിൽനിന്ന് താഴേക്കിറങ്ങി പാളം മുറിച്ചുകടന്ന് ഉയരത്തിലുള്ള ട്രെയിനിലേക്ക് കയറേണ്ടിവന്നത് ആശങ്കപ്പെടുത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ ആറു മിനിട്ട് അധികസമയം അനുവദിച്ചിരുന്നു.
പിന്നീട് വണ്ടി പിറകോട്ടെടുത്ത് ട്രാക് മാറി ഒന്നിലൂടെയാണ് യാത്ര തുടർന്നത്. വൈകീട്ടുള്ള ട്രെയിനായതിനാൽ വലിയ തിരക്കും ഉണ്ടായിരുന്നു. സംഭവം സംബന്ധിച്ച് പാലക്കാട് ഡിവിഷൻ സ്റ്റേഷൻ മാസ്റ്ററോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടക്കുമെന്നും നടപടിയുണ്ടാകുമെന്നും പാലക്കാട് ഡിവിഷനിൽനിന്ന് അറിയിച്ചു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ മുമ്പ് രണ്ടുതവണ സമാനമായ സംഭവമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.