മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിൽ ഒന്നാം പ്രതിയും ബാങ്കിന്റെ തഴക്കര ബ്രാഞ്ച് മാനേജരുമായിരുന്ന ജ്യോതി മധുവിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. 2016 ഡിസംബറിലാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ നടന്ന കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. മാനേജർ, രണ്ട് ജീവനക്കാർ, ബാങ്ക് സെക്രട്ടറി എന്നിവരും പ്രസിഡന്റും ഭരണസമിതി അംഗങ്ങളുമായിരുന്നു പ്രതികൾ.
സഹകരണ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 38 കോടിയുടെ ക്രമക്കേട് കണ്ടെത്തി അന്വേഷണം പൂർത്തിയാകുമ്പോൾ 65 കോടിയോളം വരുമെന്നാണ് സഹകരണ വകുപ്പ് കണക്കാക്കുന്നത്. 2017 മാർച്ചിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഏഴ് ഡിവൈ.എസ്.പിമാർ അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും സമയം നീട്ടി ചോദിച്ചു.
ഇതിനിടെ, കോടതി നിർദേശപ്രകാരം 2021ൽ ഇ.ഡി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. നിക്ഷേപക കൂട്ടായ്മ കൺവീനർ ബി.ജയകുമാറിൽനിന്ന് മൊഴിയെടുത്തു. എന്നാൽ, അന്വേഷണം മുന്നോട്ടുപോയില്ല. ഒമ്പത് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഫെബ്രുവരി മൂന്നിന് ഹൈകോടതി നിർദേശിച്ചു. സമയപരിധി അവസാനിക്കാൻ മാസങ്ങൾ മാത്രമുള്ളപ്പോഴാണ് മുൻ സെക്രട്ടറിയെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തട്ടിപ്പിന് ഉത്തരവാദികളായവരുടെ വസ്തുവകകൾ ലേലം ചെയ്ത് നിക്ഷേപകർക്ക് പണം നൽകാനുള്ള നടപടികളും എങ്ങുമെത്തിയില്ല. നിക്ഷേപകരിൽ പത്തുപേർ ചികിത്സക്ക് പണമില്ലാതെ മരിച്ചു. സമ്പാദ്യം നഷ്ടമായ രണ്ടുപേർ ആത്മഹത്യ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.