തിരുവനന്തപുരം: കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് മേയറെയും എം.എൽ.എയെയും കുറ്റവിമുക്തരാക്കാനുള്ള പൊലീസ് ശ്രമത്തിന് കോടതി വിമർശം. കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ ഹർജിയിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് കെ.എം. സച്ചിൻദേവ് എം.എൽ.എയും ഉൾപ്പെടെ അഞ്ച് പേർക്കെതിരായി കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണിത്. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ പൊലീസ് നടപടി അപക്വമെന്നായിരുന്നു കോടതി നിരീക്ഷണം.
അന്വേഷണ പുരോഗതി സമർപ്പിക്കാനുള്ള റിപ്പോർട്ടിൽ പ്രതികൾക്ക് ക്ലീൻചിറ്റ് നൽകിയതിനെതിരെയായിരുന്നു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വിമർശനം. പൊലീസ് നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഐ.പി.സി 447ാം വകുപ്പു പ്രകാരം അതിക്രമിച്ചു കയറിയെന്ന കുറ്റവും മോശം ഭാഷ ഉപയോഗിച്ചില്ലെന്നും അതിനാൽ ഐ.പി.സി 294 ബി നിലനിൽക്കില്ലെന്നുമായിരുന്നു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. എന്നാൽ, കേസിലെ നിർണായക തെളിവായ ബസിലെ സി.സി ടി.വി കാമറയുടെ മെമ്മറി ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇതില്ലാതെ പൊലീസ് ഇക്കാര്യം എങ്ങനെ കണ്ടെത്തിയെന്നാണ് യദുവിന്റെ അഭിഭാഷകൻ അശോക് പി. നായർ ചോദിച്ചത്.
സാക്ഷിമൊഴികളും ലഭ്യമായ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽനിന്ന് പ്രതികൾ മോശം ഭാഷ ഉപയോഗിച്ചതിന് (ഐപിസി 294 ബി) തെളിവില്ല. കേസിലെ രണ്ടാംപ്രതി (സച്ചിൻദേവ് എം.എൽ.എ) കെ.എസ്.ആർ.ടി.സി ബസിനകത്ത് അതിക്രമിച്ച് കയറിയതല്ലെന്നും ഡ്രൈവർ യദുവിന്റെ നിയന്ത്രണത്തിലുള്ള ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസിന്റെ വാതിൽ യദു തന്നെ തുറന്നു നൽകിയതാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, യദു ഓടിച്ച വാഹനം അനുവദിച്ച റൂട്ടിലൂടെയല്ല ഓടിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ബേക്കറി ജങ്ഷൻ വഴി തമ്പാനൂരിലേക്ക് പോകേണ്ടിയിരുന്ന ബസ് പി.എം.ജി-പാളയം-വി.ജെ.ടി റൂട്ടിലാണ് സഞ്ചരിച്ചിരുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.