തൃശൂർ: പീഡനത്തിനിരയായ സുഹൃത്തിന് നീതി ലഭിച്ചില്ലെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ മയൂഖ ജോണി. വനിത കമീഷൻ അധ്യക്ഷയായിരുന്ന എം.സി. ജോസഫൈനും മുൻ മന്ത്രിയും ഒരു ബിഷപ്പും ഇടപെട്ടതിനാൽ പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്നും തൃശൂർ പ്രസ്ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അവർ ആരോപിച്ചു.
2016 ജൂലൈ ഒമ്പതിനാണ് ചാലക്കുടി സ്വദേശിനിയായ പെൺകുട്ടി പീഡനത്തിനിരയായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അയൽപക്കത്തെ വില്ലയിൽ താമസിക്കുന്നയാൾ വീട്ടിൽ കയറി മാനഭംഗപ്പെടുത്തുകയും നഗ്നവിഡിയോ ചിത്രീകരിക്കുകയും ചെയ്തു. അവിവാഹിതയായതിനാൽ മാനഹാനി ഭയന്ന് അന്ന് പൊലീസിൽ പരാതിപ്പെട്ടില്ല. എന്നാൽ, അയാൾ നഗ്നവിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തലും ഫോണിലൂടെ ശല്യവും തുടർന്നു. 2018ൽ പെൺകുട്ടി വിവാഹിതയായ ശേഷവും ഇതായിരുന്നു അവസ്ഥ.
തുടർന്ന് ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും മയൂഖക്കറിയുമെന്നും തെളിവുകളുണ്ടെന്നും പെൺകുട്ടി പ്രതിയോട് പറഞ്ഞു. തുടർന്ന് 2018ൽ ഇടപ്പള്ളിയിലെ ഗ്രാൻഡ് മാളിൽ തന്നെയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി മയൂഖ പറഞ്ഞു. 2020ൽ പ്രതി ഇരയുടെ താമസസ്ഥലത്ത് ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി. തുടർന്ന് ഭർത്താവിെൻറ നിർദേശപ്രകാരം 2021 മാർച്ചിൽ തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിക്ക് പരാതി നൽകി.
ചാലക്കുടി മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടക്കത്തിൽ പിന്തുണ നൽകിയിരുന്ന പൊലീസ് പിന്നീട് ഇരയെ നിരുത്സാഹപ്പെടുത്തിയെന്ന് മയൂഖ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
വനിത കമീഷനിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും അധ്യക്ഷ എം.സി. ജോസഫൈൻ പ്രതിക്കുവേണ്ടി ഇടപെട്ടതായി വിവരം ലഭിച്ചു. കേസെടുക്കരുതെന്ന് പൊലീസിന് അവർ നിർദേശം നൽകിയിരുന്നതായും മയൂഖ പറയുന്നു.
പ്രതിക്കുവേണ്ടി കഴിഞ്ഞ മന്ത്രിസഭയിലെ ഒരുമന്ത്രിയും ഇടപെട്ടിരുന്നു. ഒരു ബിഷപ്പിെൻറയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും പിന്തുണയുള്ള പ്രതി സ്വതന്ത്രനായി നടക്കുകയാണ്. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ പിറ്റേന്നുതന്നെ സി.ഐ തെൻറ മൊഴിയെടുത്തു. എന്നാൽ, തെളിവില്ലാത്തതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് പിന്നീടറിയിച്ചു. പ്രതിയുടെ മൊബൈൽ ഫോണും സി.സി.ടി.വി ദൃശ്യങ്ങളും പിടിച്ചെടുത്ത് പരിശോധിക്കണമെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും മയൂഖ ആവശ്യപ്പെട്ടു.
ഇര നൽകിയ ഹർജി ഇപ്പോഴും ഹൈകോടതിയുടെ പരിഗണനയിലാണ്. എസ്.പി, ഡിവൈ.എസ്.പി, സി.ഐ എന്നിവരെ മാറ്റിനിർത്തി അന്വേഷണം നടത്തണം. നീതി ലഭിക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിനടക്കം തയറാണെന്നും അവർ പറഞ്ഞു.
തൃശൂർ: മയൂഖ ജോണി വെളിപ്പെടുത്തിയ കേസിൽ തെളിവുകൾ പലതും ശേഖരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലി പ്രതികരിച്ചു. അഞ്ചുവർഷം മുമ്പ് നടന്ന സംഭവത്തിൽ തെളിവുകൾ ഇതുവരെ കിട്ടിയിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ട്. നടപടികൾ തുടരുകയാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.