വനിതകൾ എല്ലായ്പ്പോഴും മുഖ്യധാരയിൽ നിൽകണമെന്ന കാർക്കശ്യത്തിന് ഉടമയായിരുന്നു അന്തരിച്ച സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ എം.സി. ജോസഫൈൻ. സി.പി.എമ്മിന്‍റെ സംഘടനാ സംവിധാനത്തിനുള്ളിൽ ധീരമായ നിലപാട് സ്വീകരിക്കുകയും അത് പാർട്ടി വേദികളിൽ വ്യക്തമാക്കുകയും അവർ ചെയ്തിരുന്നു. വനിതകൾക്ക് വലിയ പ്രാധാന്യം ലഭിക്കാത്ത കാലത്താണ് ജോസഫൈൻ നേതൃപാടവം കൊണ്ട് തിളങ്ങിയത്.
കണ്ണൂരിൽ 23ാം പാർട്ടി കോൺഗ്രസിന്‍റെ ആദ്യ ദിവസം മാധ്യമങ്ങളോട് സംസാരിച്ച ജോസഫൈൻ, സി.പി.എം കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യം ഉയർത്താനുള്ള തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു. പാർട്ടി കോൺഗ്രസ് വളരെ ആവേശകരമായ അനുഭവമാണെന്നും ചരിത്ര സംഭവമായി മാറുമെന്ന പ്രതീക്ഷയും ജോസഫൈൻ പറഞ്ഞിരുന്നു.
പഠനക്കാലത്ത് രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമായിരുന്നില്ല ജോസഫൈൻ. എന്നാൽ, അടിയന്തരാവസ്ഥക്ക് ശേഷം ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യമാണ് ജോസഫൈനെ പൊതുരംഗത്തെത്തിച്ചത്. വിവാഹിതയായതോടെ കർമരംഗം അങ്കമാലിയായി. കെ.എസ്.വൈ.എഫ് ബ്ലോക്ക് തല പ്രവർത്തകയായി യുവജന മേഖലയിൽ ജോസഫൈൻ തന്‍റെ പ്രവർത്തനം കേന്ദ്രീകരിച്ചു.
കേരള വനിത കമീഷൻ അധ്യക്ഷ സ്ഥാനം വഹിക്കുമ്പോഴാണ് ജോസഫൈനെ വിവാദങ്ങൾ വേട്ടയാടിയത്. പല പ്രശ്നങ്ങളിലും ജോസഫൈൻ സ്വീകരിച്ച പ്രത്യക്ഷ നിലപാടുകളും പ്രസ്താവനകളും പരാമർശനങ്ങളും ഏകപക്ഷീയമായോ എന്ന തോന്നൽ പൊതുസമൂഹത്തിന് ഉണ്ടാക്കി.
സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിത പ്രവര്‍ത്തക പരാതി നല്‍കിയതിനെക്കുറിച്ച് ജോസഫൈന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. സ്ത്രീകളുടെ നീതിക്കും അവകാശത്തിനും വേണ്ടി സ്ത്രീകള്‍ക്കൊപ്പം നില്‍ക്കേണ്ട കമീഷന് അധ്യക്ഷ അന്ന് പറഞ്ഞത് 'പാര്‍ട്ടി തന്നെയാണ് പൊലീസും, പാർട്ടി തന്നെയാണ് കോടതിയും' എന്നായിരുന്നു. അന്ന് മഹിള കോണ്‍ഗ്രസ് നേതാവായിരുന്ന ലതിക സുഭാഷ് അധ്യക്ഷ സ്ഥാനത്തു നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജിവരെ ഫയല്‍ ചെയ്തെങ്കിലും കോടതി തുടരാൻ അനുവദിക്കുകയായിരുന്നു.
രമ്യ ഹരിദാസ് എം.പിക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന് നടത്തിയ അശ്ലീല പരാമര്‍ശത്തെയും ജോസഫൈന് പ്രതിരോധിച്ചത് പാര്‍ട്ടി പ്രവര്‍ത്തകയായി നിന്നായിരുന്നു. രമ്യ നൽകിയ പരാതി പോലും കമീഷൻ പരിഗണിച്ചില്ല.
പൊലീസ് സ്റ്റേഷനുനേരെ അക്രമികൾ കല്ലെറിഞ്ഞതിനെ തുടർന്ന് സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്ത എസ്.പി. ചൈത്ര തേരസ ജോണിനെതിരെ പ്രവർത്തകരും നേതാക്കളും അധിക്ഷേപം ചൊരിഞ്ഞപ്പോഴും 'ചൈത്ര തെറ്റ് ചെയ്തോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കട്ടേ'യെന്നായിരുന്നു പ്രതികരണം.
89 വയസ്സുകാരിയായ വയോധികയെ അയൽവാസി മർദിച്ചതുമായി ബന്ധപ്പെട്ട കേസിൽ കിടപ്പിലായ വയോധിക നേരിട്ട് ഹാജരാകണമെന്ന കമീഷൻ തീരുമാനവും വിമർശിക്കപ്പെട്ടു. കിടപ്പുരോഗിയാണെന്നും അതിനാല്‍ നേരിട്ടല്ലാതെ പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്നും ആരാഞ്ഞ ബന്ധുവിനായിരുന്നു അന്ന് ജോസഫൈന്റെ ശകാരവര്‍ഷം.
'89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരാണ് പറഞ്ഞത്. പരാതി കൊടുത്താല്‍ വിളിപ്പിക്കുന്നിടത്ത് എത്തണമെന്നും' ജോസഫൈൻ ആവശ്യപ്പെട്ടു. കമീഷൻ അധ്യക്ഷയുടെ ഈ പ്രതികരണത്തോടും സാംസ്കാരിക കേരളം രൂക്ഷമായാണ് പ്രതികരിച്ചത്. കാറും ഉയര്‍ന്ന ശമ്പളവും നല്കി ഇവരെ നിയമിച്ചത് എന്തിനായിരുന്നെന്നാണ് എഴുത്തുകാരന് ടി. പത്മനാഭൻ ചോദിച്ചത്.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ജോസഫൈൻ, താൻ മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്ന് വിശദീകരിച്ചിരുന്നു. എന്നാൽ, പാർട്ടിയുടെയും സർക്കാറിന്റെയും മേൽ അപ്രതീക്ഷിതമായി പതിച്ച പ്രതിച്ഛായ കളങ്കത്തെ കഴുകിക്കളയാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അവരോട് രാജി ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ 11 മാസ കാലാവധി കൂടി അവശേഷിക്കെ ജോസഫൈൻ പദവി ഒഴിഞ്ഞു. ഒടുവിൽ സി.പി.എമ്മിന്‍റെ ഏറ്റവും ഉന്നത പാർട്ടി സമ്മേളനത്തിന്‍റെ വേദിയിൽ ആ ജീവിതത്തിന് അന്ത്യവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.