തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിലെ ബദൽ സംവാദത്തിൽ കെ-റെയിൽ എം.ഡി വി. അജിത്കുമാറിന്‍റെ പേരടക്കം ഉൾപ്പെടുത്തിയുള്ള പട്ടിക തയാർ.
അതേ സമയം സംവാദത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കെ-റെയിലിന്‍റെ വിശദീകരണം. സംവാദത്തിന്‍റെ വിശദാംശങ്ങൾ സംഘാടകരായ ജനകീയ പ്രതിരോധ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. അജിത് കുമാർ ഉൾപ്പെടെ ഏഴുപേരടങ്ങുന്ന പാനലിന്‍റെ പട്ടികയാണ് ഞായറാഴ്ച ജനകീയ പ്രതിരോധ സമിതി പ്രസിദ്ധീകരിച്ചത്. സർക്കാർ സംവാദത്തിൽനിന്ന് ഒഴിവാക്കിയ ജോസഫ് സി. മാത്യു, വിട്ടുനിന്ന അലോക് കുമാർ വർമ, ശ്രീധർ രാധാകൃഷ്ണ' എന്നിവർക്കു പുറമെ, ആർ.വി.ജി. മേനോൻ, ജോസഫ് സി. മാത്യു എന്നിവരാണ് സിൽവർ ലൈനിനെതിരെയുള്ള പാനലിലുള്ളത്.
സിൽവർ ലൈനിനുവേണ്ടി വാദിക്കാൻ എം.ഡി അജിത്കുമാറിനു പുറമെ, ഔദ്യോഗിക സംവാദത്തിൽ പങ്കെടുത്ത കുഞ്ചറിയാ പി. ഐസക്, എൻ. രഘുചന്ദ്രൻ നായർ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. മേയ് നാലിന് നന്ദാവനം പാണക്കാട് ഹാളിൽ രാവിലെ പത്തര മുതൽ ഒന്നര വരെ മൂന്ന് മണിക്കൂറാണ് സംവാദം.
എം.ജി. രാധാകൃഷ്ണനാണ് മോഡറേറ്റർ. 'ബദൽ ജനകീയ സംവാദ സദസ്സ്' എന്നാണ് ചർച്ചക്ക് പേര് നൽകിയിരിക്കുന്നത്. അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും പിന്മാറിയതിനെ 'സംവാദത്തിൽ നിന്ന് പേടിച്ച് ഒളിച്ചോടി' എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണങ്ങൾക്കുള്ള മറുപടി കൂടിയാണ് ബദൽ സംവാദ പരിപാടിയെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.