വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാൻ മാധ്യമങ്ങൾക്കും സർക്കാറിനും അവകാശമില്ല -ഹൈകോടതി

കൊച്ചി: വ്യക്തികളുടെ സ്വകാര്യതയിലേക്ക് കാരണമില്ലാതെ ഒളിഞ്ഞുനോക്കാൻ മാധ്യമങ്ങൾക്കും സർക്കാർ ഏജൻസികൾക്കുമടക്കം അവകാശമില്ലെന്ന്​ ഹൈകോടതി. വ്യക്തിയുടെ സ്വകാര്യ സംഭവങ്ങൾ പ്രസിദ്ധീകരിക്കുന്നത് ആർത്തിയോടെ വായിക്കുന്ന ചിലരുണ്ട്. ചില ഓൺലൈൻ ന്യൂസ് ചാനലുകൾ വാർത്തകളെക്കാൾ അശ്ലീലമാണ് നൽകുന്നത്. ഇങ്ങനെ പ്രസിദ്ധീകരിക്കുന്നത്​ തടയാൻ നിയമമില്ലെങ്കിലും ഇത്തരം പ്രവൃത്തികൾ കുറ്റകരമാണെന്ന് ജസ്റ്റിസ് വി.ജി. അരുൺ അഭിപ്രായപ്പെട്ടു.

ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ മോശമായ വാർത്ത നൽകിയെന്ന കേസിൽ ഭാരത് ലൈവ് ഓൺലൈൻ ചാനൽ പ്രവർത്തകരായ സുദർശ് നമ്പൂതിരി, സുമേഷ് മാർക്കോപോളോ എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹരജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.

വനിത മന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വിധം മോർഫിങ്​ നടത്തി വ്യാജ വിഡിയോ നിർമിക്കാൻ നിർബന്ധിച്ചെന്നും ഇതിനു സമ്മതിക്കാത്തതിനാൽ മോശമായി പെരുമാറിയെന്നുമുള്ള യുവതിയുടെ പരാതിയിൽ നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്​ ഭാരത് ലൈവ് ഓൺലൈൻ ചാനൽ തനിക്കെതിരെ പരാമർശങ്ങൾ ഉൾപ്പെടുത്തി വാർത്ത നൽകിയെന്നാണ്​ യുവതിയുടെ പരാതി. സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങളുൾപ്പെടെ വാർത്തക്കൊപ്പം നൽകിയെന്നും ആരോപിക്കുന്നു.

പൊലീസ് കേസെടുത്തതിനെ തുടർന്ന് ഹരജിക്കാർ എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും തള്ളി. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. മോശം പരാമർശങ്ങൾ ഓൺലൈനിൽ വന്നാൽ അതെന്നും മുറിപ്പാടായി അവശേഷിക്കുമെന്നും ഇത്തരം വാർത്തകൾ നൽകുംമുമ്പ് സത്യമെന്തെന്ന് അന്വേഷിക്കാൻ ഓൺലൈൻ ചാനലുകൾക്ക്​ കടമയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Tags:    
News Summary - Media and government have no right to pry into the privacy of individuals says High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.