മീഡിയ വൺ വിലക്ക്: ഇന്ന് വിധി പറയും

കൊച്ചി: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്യുന്ന ഹരജിയിൽ ഇന്ന് ഹൈകോടതി വിധി. മീഡിയവൺ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നൽകിയ ഹരജിയിലാണ് വിധി പറയുക.

ഇന്നലെ കേസ് പരിഗണിക്കവേ കേന്ദ്ര സർക്കാർ സമർപ്പിക്കുമെന്ന് വ്യക്തമാക്കിയ രേഖകളുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് മീഡിയവൺ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ രേഖകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ച ശേഷം വിധി പറയാമെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണ് വിലക്കെന്നും 300ല്‍ അധികം ജീവനക്കാരുടെ ഉപജീവനമാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും കേസില്‍ കക്ഷിചേര്‍ന്ന് മീഡിയവണ്‍ എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയനും കോടതിയെ അറിയിച്ചു.

ചാനല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി നിയമ വിരുദ്ധമാണെന്നുമാണ് മീഡിയവണ്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പ്രവർത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ളിയറൻസിനുമായി അപേക്ഷ നൽകിയെങ്കിലും നിരസിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഒരു തവണ ലൈസൻസ് നൽകിയാൽ അത് ആജീവനാന്തമായി കാണാൻ ആകില്ലെന്നും സെക്യൂരിറ്റി വിഷയങ്ങളിൽ കാലാനുസൃത പരിശോധനകൾ ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. 

Tags:    
News Summary - Media One ban: Judgment will be pronounced today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.