തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ യു.ജി കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രകാരം പ്രവേശനം പൂർത്തിയായപ്പോൾ അവശേഷിക്കുന്നത് 533 എം.ബി.ബി.എസ് സീറ്റ്.
119 സീറ്റ് സർക്കാർ മെഡിക്കൽ കോളജുകളിലും 414 എണ്ണം സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലുമാണ്. 730 ബി.ഡി.എസ് സീറ്റാണ് ബാക്കിയുള്ളത്. 29 എണ്ണം സർക്കാർ ഡെന്റൽ കോളജുകളിലും 701 എണ്ണം സ്വകാര്യ സ്വാശ്രയ കോളജുകളിലുമാണ്.
സർക്കാർ മെഡിക്കൽ കോളജിൽ സ്റ്റേറ്റ് ക്വോട്ടയിൽ അലോട്ട്മെന്റിനുള്ളത് 1247 സീറ്റാണ്. മുഴുവൻ സീറ്റിലേക്കും ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് നടത്തിയിരുന്നെങ്കിലും അഖിലേന്ത്യ ക്വോട്ട സീറ്റ് ലഭിച്ചവർ പ്രവേശനം നേടാതെ വന്നതോടെയാണ് 119 എണ്ണം ഒഴിവ് വന്നത്.
സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജിൽ ആകെ 2350 സീറ്റിലേക്കും അലോട്ട്മെന്റ് നടന്നിരുന്നെങ്കിലും 414 എണ്ണത്തിൽ വിദ്യാർഥികൾ പ്രവേശനത്തിനെത്തിയില്ല. അവശേഷിക്കുന്ന സീറ്റുകൾ രണ്ടാം അലോട്ട്മെന്റിൽ നികത്തും. നിലവിൽ സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് ഉയർന്ന ഓപ്ഷൻ ഉള്ളവർക്കായിരിക്കും മെറിറ്റും സംവരണവും പാലിച്ച് ഒഴിവുള്ള സീറ്റുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുക. അഖിലേന്ത്യ ക്വോട്ടയുടെ അടുത്ത ഘട്ടങ്ങളിൽ മെച്ചപ്പെട്ട സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ചാൽ സംസ്ഥാന ക്വോട്ടയിൽ അലോട്ട്മെന്റ് ലഭിച്ചവർ സീറ്റ് ഉപേക്ഷിക്കാൻ സാധ്യതയുമുണ്ട്.
മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി അഖിലേന്ത്യ ക്വോട്ട പ്രവേശനം നാല് ഘട്ടമായതിനാൽ ഇത് പൂർത്തിയാകുന്നതു വരെ മെച്ചപ്പെട്ട റാങ്കുള്ളവരുടെ മെഡിക്കൽ പ്രവേശന സാധ്യത നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.