തിരുവനന്തപുരം: മെറിറ്റ് അട്ടിമറിച്ച് അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിൽ കഴിഞ്ഞവർഷം നടത്തിയ വിദ്യാർഥി പ്രവേശനം സ്ഥിരപ്പെടുത്തിനൽകാൻ സർക്കാർ സമർപ്പിച്ച ഒാർഡിനൻസ് ഗവർണർ മടക്കി. ജസ്റ്റിസ് ജയിംസ് കമ്മിറ്റി ഇൗ കോളജിലെ പ്രവേശനം തെറ്റാണെന്ന് കണ്ട് റദ്ദുചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് കോളജ് ഹൈകോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. കോടതികൾ ജയിംസ് കമ്മിറ്റി നടപടി ശരിവെച്ചതോടെ ഇൗ വിദ്യാർഥികളുടെ പ്രവേശനം റദ്ദാവുകയായിരുന്നു.
സുപ്രീംകോടതി വിധി പറഞ്ഞ കേസിൽ അതിനെ മറികടക്കാൻ ഒാർഡിനൻസ് ഇറക്കുന്നതിലെ നിയമപ്രശ്നത്തിൽ വ്യക്തതതേടിയാണ് ഗവർണർ ജസ്റ്റിസ് പി. സദാശിവം ഒാർഡിനൻസ് മടക്കിയത്. ഒാർഡിനൻസ് കൊണ്ടുവരാനുള്ള സർക്കാർ നീക്കം വിവാദമായിരുന്നു. കണ്ണൂർ മെഡിക്കൽ കോളജിലെ 150 സീറ്റുകളിലെ പ്രവേശനമാണ് കഴിഞ്ഞവർഷം ജയിംസ് കമ്മിറ്റി പരിശോധനക്കുശേഷം റദ്ദാക്കിയത്.
പ്രവേശനത്തിൽ മെറിറ്റ് പാലിച്ചില്ലെന്നത് ഉൾപ്പെടെയുള്ള ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. പ്രവേശനം റദ്ദുചെയ്തിട്ടും കുട്ടികളെ കോളജ് തുടർന്നും പഠിപ്പിച്ചു. എന്നാൽ, അവർക്ക് ആരോഗ്യ സർവകലാശാല രജിസ്ട്രേഷൻ അനുവദിച്ചതുമില്ല. പഠനം വഴിമുട്ടിയതോടെ വിദ്യാർഥികളും രക്ഷാകർത്താക്കളും ഭരണ-പ്രതിപക്ഷ നേതാക്കളെ കണ്ട് തുടർപഠനത്തിന് വഴിയൊരുക്കണമെന്ന് അഭ്യർഥിക്കുകയായിരുന്നു.
പ്രവേശനം സ്ഥിരപ്പെടുത്തി നൽകാൻ കോളജ് മാനേജ്മെൻറും സർക്കാറിനെ സമീപിച്ചു. ഇതോടെയാണ് പ്രവേശനം സാധൂകരിച്ചുനൽകാനുള്ള ഒാർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയതും ഗവർണർക്ക് അയച്ചതും. വൻ തുക വാങ്ങി സ്വാശ്രയ മാേനജ്മെൻറ് സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിദ്യാർഥി പ്രവേശനം സ്ഥിരപ്പെടുത്തി നൽകാനാണ് ഒാർഡിനൻസ് കൊണ്ടുവരുന്നതെന്ന വിമർശനവും സർക്കാറിനുനേരെ ഉയർന്നിരുന്നു.
ഒാർഡിനൻസ് വന്നാൽ നേരത്തേ സാധൂകരണം ലഭിക്കാത്ത പാലക്കാട് കരുണ കോളജിലെ 30ഉം കോഴിക്കോട് മലബാർ കോളജിലെ 11ഉം വിദ്യാർഥികളുടെ പ്രവേശനത്തിനും ഇതിെൻറ ഫലം ലഭിക്കും. തൊടുപുഴ അൽഅസ്ഹർ മെഡിക്കൽ കോളജിലെ എട്ട് വിദ്യാർഥികളുടെ പ്രവേശനത്തിനും സമാനപ്രശ്നം ഉണ്ടായിരുന്നെങ്കിലും ഇൗ വിദ്യാർഥികൾക്ക് കഴിഞ്ഞ ആഴ്ച ഹൈകോടതിയിൽനിന്ന് അനുകൂലവിധി ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.