മെഡിക്കൽ-ദന്തൽ പിജിക്ക് പിന്നാക്ക സംവരണം ഒമ്പതിൽ നിന്നും 27 ശതമാനമായി ഉയർത്തിയ മന്ത്രിസഭാ തീരുമാനം 2021-2022 അധ്യയനവർഷം തന്നെ മുഴുവൻ പ്രൊഫഷണൽ-നോൺ പ്രൊഫഷണൽ കോഴ്സുകൾക്കും ബാധമാക്കി അടിയന്തിര ഉത്തരവിറക്കണമെന്ന് മെക്ക സംസ്ഥാന സെക്രട്ടറി എൻ.കെ അലി ആവശ്യപ്പെട്ടു.ഉദ്യോഗ നിയമനങ്ങൾക്ക് ഒബിസിക്കുള്ള 40 ശതമാനം സംവരണം ഉന്നത വിദ്യാഭ്യാസത്തിന് മുഴുവൻ കോഴ്സുകൾക്കും ബാധകമാക്കി സംവരണനിരക്ക് ഏകീകരിക്കണമെന്ന മെക്കയുടെ വർഷങ്ങളായുള്ള ആവശ്യം ഭാഗികമായെങ്കിലും അംഗീകരിച്ചത് സ്വാഗതാർഹമാണ്. എസ്.ഇ.ബി.സി സംവരണം 40 ശതമാനമായി തന്നെ ഉയർത്തണം.
ഈ ആവശ്യത്തിന് കേരള ഹൈക്കോടതിയിൽ മെക്ക ഫയൽ ചെയ്ത WP(C) 1171/2021ാം നമ്പർ കേസിലെ 2-2-2021ലെയും 24-6-2021ലെയും ഉത്തരവനുസരിച്ച് എസ്.ഇ.ബി.സി വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയർത്തണം. പ്രസ്തുത കോടതി ഉത്തരവിന്മേൽ അഭിപ്രായം അറിയിക്കുവാൻ 13-8-2021 ലെ ഉത്തരവിലൂടെ സർക്കാർ പിന്നാക്ക വിഭാഗ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
സർക്കാർ ആവശ്യപ്പെട്ട അഭിപ്രായവും നിർദ്ദേശങ്ങളും ശുപാർശയും അടിയന്തിരമായി നൽകണമെന്ന് മെക്ക പിന്നാക്ക വിഭാഗ കമ്മീഷനോടും ആവശ്യപ്പെട്ടു. എസ്.ഇ.ബി.സി സംവരണ പ്രശ്നത്തിൽ മെക്കയോടൊപ്പവും ഒറ്റക്കും നിയമ പോരാട്ടങ്ങൾക്കും മറ്റും സഹകരിച്ച പിന്നാക്ക വിഭാഗ നേതാക്കളോടും സംഘടനകളോടും മെക്ക നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.