തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു.
മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അലവൻസ് പരിഷ്കരണം ഉൾപ്പെടെ ശമ്പളകുടിശ്ശിക നൽകാത്തതിലും എൻട്രി കേഡർ, കരിയർ അഡ്വാൻസ്മെൻറ് പ്രമോഷെൻറ കാലയളവ് അടക്കം അപാകതകൾ പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് സമരങ്ങൾ സംഘടിപ്പിക്കാനാണ് കെ.ജി.എം.സി.ടി.എയുടെ തീരുമാനം.
ഇന്ന് സംസ്ഥാനതലത്തിൽ വഞ്ചനദിനം ആചരിക്കും. എല്ലാ മെഡിക്കൽ കോളജിലും പ്രിൻസിപ്പൽ ഓഫിസിനു മുന്നിലും തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫിസിനുമുന്നിലും പ്രതിഷേധജാഥയും ധർണയും നടത്തും. രോഗീപരിചരണത്തെയും അധ്യാപനത്തെയും ബാധിക്കാത്ത രീതിയിലായിരിക്കുമിത്.
മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല ചട്ടപ്പടി സമരവും ഇന്നുമുതൽ നടത്തും. ഈ കാലയളവിൽ വി.ഐ.പി ഡ്യൂട്ടി, പേവാർഡ് ഡ്യൂട്ടി, നോൺ കോവിഡ്-നോൺ എമർജൻസി മീറ്റിങ്ങുകൾ ബഹിഷ്കരിക്കും. അധികജോലികൾ ബഹിഷ്കരിക്കും. എല്ലാ ദിവസവും കരിദിനമാചരിക്കുകയും രോഗികൾക്കും പൊതുജനങ്ങൾക്കും വിശദീകരണക്കുറിപ്പ് നൽകുകയും ചെയ്യും.
10ന് സെക്രട്ടേറിയറ്റിനു മുന്നിൽ വൈകീട്ട് 6.30ന് കേരളത്തിലെ എല്ലാ മെഡിക്കൽ കോളജ് ഡോക്ടർമാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.