തിരുവനന്തപുരം: ശമ്പളപരിഷ്കരണ അപാകതകള്‍ പരിഹരിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. മാർച്ച് ഒന്നിന് കേരള ഗവ. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷനും (കെ.ജി.എം.ഒ.എ) മൂന്നിന് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷനും (കെ.ജി.എം.സി.ടി.എ) പ്രതിഷേധം സംഘടിപ്പിക്കും.
പൊതുജനാരോഗ്യം സംരക്ഷിക്കാൻ സ്വയരക്ഷയും കുടുംബത്തെയും മറന്ന് പോരാടിയ ഡോക്ടർമാർക്ക് കോവിഡ് കാലഘട്ടത്തുപോലും ശമ്പളവും ആനുകൂല്യങ്ങളും നിഷ്കരുണം വെട്ടിക്കുറക്കുകയാണ് സർക്കാർ ചെയ്തതെന്ന് കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തി. മാർച്ച് ഒന്നു മുതൽ രോഗീപരിചരണം ബാധിക്കാത്ത തരത്തിൽ നിസ്സഹകരണങ്ങളിലേക്കും കടക്കുമെന്നും സംസ്ഥാന പ്രസിഡൻറ് ഡോ. ജി.എസ്. വിജയകൃഷ്ണനും ജനറൽ സെക്രട്ടറി ഡോ. ടി.എൻ. സുരേഷും പറഞ്ഞു.
അർഹമായ ശമ്പള കുടിശ്ശിക നൽകാതെ വഞ്ചിച്ച സർക്കാറിനെതിരെ മാർച്ച് മൂന്നിന് വഞ്ചനദിനം ആചരിക്കുമെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡൻറ് ഡോ. എസ്. ബിനോയിയും സെക്രട്ടറി ഡോ. നിർമൽ ഭാസ്കറും അറിയിച്ചു. സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർക്ക് 2016 ൽ ലഭിക്കേണ്ട ശമ്പളപരിഷ്കരണം സർക്കാറിെൻറ മെല്ലെപ്പോക്ക് നയങ്ങളാൽ മാത്രം 2020 വരെ നീണ്ടു. ഈ കാലയളവിൽ കിട്ടേണ്ട അലവൻസുകൾ അടക്കം ശമ്പളകുടിശ്ശിക ലഭിക്കാൻ ജനുവരി അവസാനം ഡോക്ടർമാർ സമരം ആരംഭിച്ചിരുന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമരം രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കാൻ മന്ത്രി ആവശ്യപ്പെട്ടു.
പിന്നീട് ആരോഗ്യമന്ത്രിയും ധനമന്ത്രിയുമായും നടത്തിയ ചർച്ചകളിൽ കുടിശ്ശിക നൽകാമെന്നും വ്യക്തമാക്കിയിരുന്നു. ആ ഉറപ്പാണ് ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.