കൊച്ചി: കേരളത്തിലെ മെഡിക്കൽ-എൻജിനീയറിങ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈകോടതി. മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു മാർക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് വിദ്യാർഥികളായ കൊല്ലം സ്വദേശി സാൽവിയ ഹുസൈനും ഏനാത്ത് കൈതപ്പറമ്പ് സ്വേദശി സിബി വിൽസണും കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ എൻട്രൻസ് കമീഷണർക്ക് നിർദേശം നൽകിയത്.
അതേസമയം, മുൻ നിശ്ചയിച്ചപ്രകാരം ഈ മാസം അഞ്ചിന് പ്രവേശനപരീക്ഷ നടത്തുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ഹരജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പ്ലസ് ടു പരീക്ഷ നടത്തിയിരുന്നില്ല. അതിനാൽ പ്ലസ് ടു മാർക്ക് പരിഗണിക്കാതെ കേരളത്തിൽ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം നടത്തണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. കേരള സിലബസിൽ പ്ലസ് ടു പരീക്ഷ നടത്തിയിരുന്നു.
എന്നാൽ, കുട്ടികളുടെ നിലവാരം ശരിയായി വിലയിരുത്തുന്ന വിധത്തിലല്ല പരീക്ഷ നടത്തിയതെന്നും ഹരജിക്കാർ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് സർക്കാറിെൻറ സത്യവാങ്മൂലം ലഭിച്ചിട്ടില്ലെന്ന് തിങ്കളാഴ്ച ഹരജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. വിഷയം സർക്കാറിെൻറ പരിഗണനയിലാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും അഡീ. അഡ്വക്കറ്റ് ജനറൽ അറിയിച്ചു. ഇത് രേഖപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.