പള്ളുരുത്തി: പള്ളുരുത്തിയിൽ മൂന്ന് സ്ഥാപനത്തിൽ മോഷണ ശ്രമം. മെഡിക്കൽ ഷോപ്പിൽനിന്ന് 10,000 രൂപ മോഷ്ടിച്ചു.മെഡിക്കൽ ഷോപ്, പോസ്റ്റ് ഓഫിസ്, ചിട്ടിക്കമ്പനി എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച രാത്രി മോഷണശ്രമം നടന്നത്. കുമ്പളങ്ങി വഴിയിൽ പ്രവർത്തിക്കുന്ന എബി മെഡിക്കൽസിൽ കയറിയ മോഷ്ടാവ് ഇവിടെ കാഷ് കൗണ്ടറിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന 10,000 രൂപ മോഷ്ടിച്ചു.
മെഡിക്കൽ ഷോപ്പിനും സമീപത്തെ സ്വർണാഭരണശാലക്കും പിറകിലെ ശുചിമുറിയുടെ ഷീറ്റ് ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. ജ്വല്ലറിയിലേക്ക് കയറാനാണ് ശുചിമുറിയുടെ ഷീറ്റ് ഇളക്കി അകത്ത് കടന്നതെന്നാണ് കരുതുന്നത്.എന്നാൽ, എത്തിച്ചേർന്നത് മെഡിക്കൽ ഷോപ്പിലാണ്. ഷീറ്റ് ഇളക്കി മാറ്റുന്നതിനിടെ മോഷ്ടാവിന് മുറിവേറ്റതായി സംശയമുണ്ട്. മെഡിക്കൽ ഷോപ്പിനകത്ത് രക്തം ഉണങ്ങിയ പാടുണ്ട്.
ഷോപ്പിലെ സി.സി ടി.വിയിൽ മോഷ്ടാവിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മെഡിക്കൽ ഷോപ്പിന് മുകൾനിലയിൽ പ്രവർത്തിക്കുന്ന മൂലൻകുഴി ചിട്ടീസ് എന്ന സ്ഥാപനത്തിന്റെ പൂട്ട് തകർക്കാനും പള്ളുരുത്തി ഹെഡ് പോസ്റ്റ് ഓഫിസിന്റെ വാതിൽ പൂട്ട് പൊളിക്കാനും ശ്രമിച്ചു. ഇവിടത്തെ സി.സി ടി.വിയിൽ മോഷ്ടാവിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വോഡും സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.
ഇടക്കൊച്ചിയിൽ രണ്ട് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ ഇതുവരെ പ്രതികളെ കണ്ടെത്താൻ കഴിയാത്തത് വലിയ വിമർശനത്തിന് ഇടയാക്കിരിക്കെയാണ് വീണ്ടും മോഷണം.പള്ളുരുത്തി മേഖലയിൽ മോഷണ പരമ്പരകൾ അരങ്ങേറുമ്പോഴും പൊലീസ് നിഷ്ക്രിയമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.