പാലക്കാട്: മലമ്പുഴ ഡാമിന് സമീപം ഖനനത്തിൽ കണ്ടെത്തിയ മഹാശിലാ (മെഗാലിത്തിക്) കാലഘട്ടത്തിലെ അവശിഷ്ടങ്ങൾ സംബന്ധിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലിന് റിപ്പോർട്ട് നൽകും. ഒറ്റ അറയുള്ളതും ഒന്നിലധികം അറകളുള്ളതുമായ കല്ല് കൊണ്ടുള്ള ശവകുടീരങ്ങളാണ് കഴിഞ്ഞദിവസം നടത്തിയ പര്യവേക്ഷണത്തിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ശിലാനിര്മിതികളുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. മലമ്പുഴ ഡാമിലെ ദ്വീപുകള്‍ പോലുള്ള കുന്നുകളിലാണ് ശിലാനിര്‍മിതികള്‍ കണ്ടെത്തിയത്. 45 ഹെക്ടര്‍ ഭൂമിയിലായി 110 ലേറെ നിര്‍മിതികളാണ് കണ്ടെത്തിയത്. ഭീമന് ഗ്രാനൈറ്റ് ഫലകങ്ങളും പാറക്കല്ലുകളും ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.
ചിലത് ലാറ്ററൈറ്റ് കല്ലുകൾ കൊണ്ടാണെന്നും ആർക്കിയോളക്കിൽ സർവേ ഓഫ് ഇന്ത്യ പറയുന്നു. പ്രാചീന കല്ലറ വിഭാഗത്തിൽപെട്ടവയാണിവ. പാലക്കാട് ഗവ. വിക്ടോറിയ കോളജ് ചരിത്രവിഭാഗം പ്രഫസർ കെ. രാജൻ 2007ൽ മലമ്പുഴയുടെ പ്രാചീന ചരിത്രം മനസ്സിലാക്കാൻ ആഴത്തിൽ പഠനം നടത്തിയിരുന്നു.
അദ്ദേഹത്തിൽനിന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ സർവേയിലെ കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാജൻ നടത്തിയ സൂക്ഷ്മപഠനങ്ങളിൽ മഹാശിലായുഗത്തിലെ ബി.സി 1300നും 1000ത്തിനുമിടയിൽ പ്രദേശത്ത് ജീവിച്ചിരുന്നവരുടെ സാംസ്കാരിക പൈതൃകത്തിന്റെ നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇവ പ്രധാനമായും സംഘകാലഘട്ടത്തിലെ സംസ്കാരങ്ങളുടേതായിരുന്നു. മലമ്പുഴയിൽനിന്ന് മുമ്പും പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.