തൃശൂർ: പൂരപ്പറമ്പിൽ പെയ്തുതീരാത്ത മേളപ്പെരുമഴ, ചെണ്ടയിൽ കോൽവീഴ്ത്തി മൂന്ന് മണിക്കൂർ ആളാരവത്തിന്റെ ഊർജം അണുവിട ചോരാതെ നിർത്തുന്ന മാസ്മരിക മേളം, ആ കലയിലെ പെരുവനം പെരുമയായ കുട്ടൻ മാരാർ ഇന്ന് സപ്തതി നിറവിൽ. ഇലഞ്ഞിത്തറ മേളം കൊട്ടിയൊഴിഞ്ഞ് വിയർത്തൊട്ടി പുഞ്ചിരിയോടെ കൈകൂപ്പുന്ന അതേ നിർവൃതിയിൽ കാലത്തിനോട് നന്ദിപറയുകയാണ് പെരുവനം കുട്ടൻ മാരാർ.
27ാം വയസ്സിൽ ആയിരത്താണ്ടുകളുടെ പെരുമ പേറുന്ന പെരുവനം പൂരത്തിന് ആദ്യമായി പ്രാമാണിത്തം വഹിച്ച അന്നുമുതൽ ഇന്നുവരെ കൊട്ടിയ മേളങ്ങളെല്ലാം കെങ്കേമം. മേളഗരിമയുടെ കൊടിയടയാളമായ പെരുവനം ഗ്രാമത്തിന്റെ പെരുമ കുട്ടൻ മാരാരിലൂടെ ഉയർന്നുതന്നെ നിൽക്കുന്നു. തൃക്കൂർ മാക്കോത്ത് ഗൗരി മാരസ്യാരുടെയും മേളകലാനിധി പെരുവനം അപ്പു മാരാരുടെയും മകനായി 1953 നവംബർ 23നാണ് കുട്ടൻ മാരാരുടെ ജനനം. അച്ഛൻ തന്നെ ആദ്യ ഗുരുവുമായി. കുമരപുരം അപ്പു മാരാരിൽനിന്ന് തായമ്പക പഠിച്ചു. 1968ൽ ചേർപ്പ് പൂരത്തിനാണ് ആദ്യമായി അച്ഛനൊപ്പം മേളത്തിന് ഇറങ്ങിയത്.
1982ൽ ഗുരുവായൂർ ദശമി വിളക്ക് മേളത്തിനാണ് ആദ്യമായി പ്രാമാണിത്തം വഹിച്ചത്. 1977 മുതൽ തൃശൂർ പൂരത്തിൽ പാറമേക്കാവ് വിഭാഗം ഒരുക്കുന്ന ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണിയാണ്. 24 വർഷം ഇലഞ്ഞിത്തറയിലെത്തുന്ന ജനസഞ്ചയത്തെ തന്റെ പ്രാമാണിത്തത്തിന്റെ പ്രൗഢിയിൽ വിസ്മയിപ്പിച്ച ചരിത്രം കുട്ടൻ മാരാർക്ക് മാത്രം സ്വന്തം. പേരുകേട്ട മേളങ്ങൾക്ക് പ്രാമാണിത്തം വഹിക്കാൻ കഴിഞ്ഞ അപൂർവ ഭാഗ്യവും അദ്ദേഹത്തിനുണ്ട്.
ചുറ്റുവട്ടത്ത് മേളം മുറുകുമ്പോൾ പെരുവനത്തിന്റെ മേളമാണെങ്കിൽ തെല്ലിടനിന്ന് താളമിടാത്തവർ തൃശൂരിന്റെ ചുറ്റുവട്ടത്തുണ്ടാകില്ല. 2011ൽ പത്മശ്രീ ബഹുമതിയും 2019ൽ സംഗീതനാടക അക്കാദമി അവാർഡും കുട്ടൻ മാരാരെ തേടിയെത്തി. പിറന്നാൾ ദിനത്തിൽ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ കൊട്ടിക്കയറ്റം പതിവാണ്. ഇക്കുറിയും അതുണ്ടാകും.
വാദ്യകലയുടെ സ്നേഹസംഗമമായി അദ്ദേഹത്തിന്റെ വസന്ത സപ്തതിയെ കൊണ്ടാടുകയാണ് ചേർപ്പ് ഗ്രാമം. പഞ്ചാരിമേളവും നാദസ്വരക്കച്ചേരിയും തായമ്പകയുമെല്ലാം ഇവിടെ ആസ്വദിക്കാം. ചേർപ്പ് മഹാത്മ മൈ താനത്ത് ഡ്രംസ് മാന്ത്രികനായ ശിവമണിയും റസൂൽ പൂക്കുട്ടിയും റിയാസ് കോമുവും മട്ടന്നൂർ ശങ്കരൻകുട്ടിയും കുട്ടൻ മാരാരെ ആദരിക്കാൻ ഇന്ന് എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.