പാലക്കാട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ. സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയത് നല്ലകാര്യമാണെന്നായിരുന്നു മുരളീധരൻ അഭിപ്രായപ്പെട്ടത്. രണ്ടാഴ്ച മുമ്പേ കോൺഗ്രസിലെത്തി വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കായി പ്രചാരണത്തിന് പോയാൽ അത് രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമ ചോദിക്കലാകുമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
ഇനി വെറുപ്പിന്റെ കടയിൽ മെംബർഷിപ്പ് എടുക്കാൻ പോകരുത്. സ്നേഹത്തിന്റെ കടയിലെ മെംബർഷിപ്പ് എപ്പോഴും നിലനിർത്തണം. ഗാന്ധിവധം സംബന്ധിച്ച പരാമർശം ബി.ജെ.പിക്ക് വേണ്ടി പറഞ്ഞുവെന്നാണ് സന്ദീപ് വാര്യർ പറയുന്നത്. ഇനി അതിനെ കുറിച്ചൊന്നും ആലോചിക്കേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
എന്നാൽ സന്ദീപ് വാര്യർ കയറിയത് മുങ്ങാൻ പോകുന്ന കപ്പലിലാണെന്നും സ്നേഹത്തിന്റെ കടയിൽ അല്ല, വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് എത്തിയിരിക്കുന്നതെന്നും എന്നായിരുന്നു പത്മജ വേണുഗോപാലിന്റെ പ്രതികരണം. സന്ദീപ് വാര്യർ ഇതുവരെ പറഞ്ഞതൊക്കെ ഇനി വിഴുങ്ങേണ്ടി വരില്ലേ എന്ന്ചോദിച്ച പത്മജ, ഇപ്പോൾ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും കൂട്ടിച്ചേർത്തു.
സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസിൽ ചേർന്നത്. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ, കോൺഗ്രസ് നേതാക്കൾ സന്ദീപിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് ക്ഷണിച്ചു.
പാർട്ടി തനിക്ക് അർഹമായ പരിഗണന നൽകിയിട്ടില്ലെന്നും ബി.ജെ.പി വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. ജനാധിപത്യത്തെ പാടെ അപമാനിക്കുന്ന ഒരു ഫാക്ടറിയിൽ ശ്വാസംമുട്ടി കഴിയേണ്ട അവസ്ഥയായിരുന്നു തനിക്ക്. മുഖ്യമന്ത്രിയുമായി ചേർന്ന് ബി.ജെ.പി. അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയം കളിക്കുന്നു. അതിനെതിരെ പ്രതികരിച്ചതാണ് തനിക്കുനേരെ നടപടി സ്വീകരിക്കാൻ കാരണമായത്. മതം തിരഞ്ഞ് പ്രചാരണം നടത്താൻ കഴിയില്ല. സ്നേഹത്തിന്‍റെ കടയിൽ അംഗത്വമെടുക്കുകയാണെന്നും വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും കോട്ടയിൽനിന്ന് പുറത്തുവന്നതിന്‍റെ സന്തോഷത്തിലാണ് താനെന്നും സന്ദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.