പാലക്കുന്ന്: മർച്ചന്റ് നേവി ജോലിയുമായി ബന്ധപ്പെട്ട് നിരവധിപേർ കബളിപ്പിക്കപ്പെടുന്നതായി പരാതി. ഇതിൽ ജോലിതേടിപ്പോകുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കള്ളനാണയങ്ങളെ തിരിച്ചറിയാനുള്ള ഒട്ടേറെ നിർദേശങ്ങളുടെ പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു.
കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുംബൈയിലെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് (ഡി.ജി ഷിപ്പിങ്) ജീവനക്കാരുടെ അറിവിലേക്കാണ് അറിയിപ്പ്. ആദ്യമായാണ് ഡി.ജി ഓഫിസിൽനിന്ന് ഈത്തരം ഒരു പൊതു സർക്കുലർ.
ഏജൻസികൾക്ക് ലക്ഷങ്ങൾ നൽകി ജോലിതേടി വഞ്ചിക്കപ്പെട്ടവർ, അവരുടെ കുടുംബാംഗങ്ങൾ, കപ്പലോട്ട തൊഴിലാളി സംഘടനകൾ എന്നിവരുടെ പരാതികളുടെയും ഐ.ടി.എഫിന്റെ (ഇന്റർനാഷനൽ ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ) റിപ്പോർട്ടിന്റെയും വെളിച്ചത്തിലാണ് ഉപദേശരൂപത്തിൽ അനുബന്ധ കൂട്ടിച്ചേർക്കൽ അടക്കം 36 പേജുള്ള അസാധാരണമായ സർക്കുലർ ഡി.ജി ഓഫിസിൽനിന്ന് പുറപ്പെടുവിച്ചത്.
വാണിജ്യ കപ്പലുകളിൽ ജി.പി റേറ്റിങ്, സലൂൺ റേറ്റിങ്, ഡെക്, എൻജിൻ ഓഫിസർമാർ, ഇലക്ട്രീഷ്യൻ വിഭാഗങ്ങളിൽ ജോലിനേടാനുള്ള അംഗീകൃത പരിശീലനകേന്ദ്രങ്ങളുടെയും കപ്പലുകളിൽ ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അംഗീകൃത ഏജൻസികളുടെയും പേരുവിവര പട്ടിക സർക്കുലറിൽ ചേർത്തിട്ടുണ്ട്.
നിർദിഷ്ട പരിശീലനത്തിനുശേഷം കപ്പലിൽ ജോലി നേടാനുള്ള ആധികാരിക പ്രമാണമായ സി.ഡി.സിയും അനുബന്ധരേഖകളുമായി ജോലിക്കായി സമീപിക്കേണ്ടത് ഇന്ത്യൻ രജിസ്റ്റേഡ് ആർ.പി.എസ് (റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്മെന്റ് ഓഫ് സീഫെയറേഴ്സ്) ഏജൻസികളെയാണ്. ആർ.പി.എസ് അംഗീകാരമില്ലാത്ത ഏജൻസികളിലൂടെ ജോലിതേടി പോകുന്നവർ പലവിധത്തിൽ ചതിയിൽപെട്ടുപോകുന്ന സാഹചര്യത്തിലാണ് ഡി.ജി ഷിപ്പിങ് പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ചില അംഗീകൃത ആർ.പി.എസ് ഏജൻസികളും ഇത്തരം തട്ടിപ്പുകൾ നടത്തുന്നതും ഡി.ജിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് ഏറെ ഗൗരവമാണെന്നും ഇവരുടെ ചതിയിൽപെട്ട നിരവധിപേരുടെ മോചനത്തിനായി പലപ്പോഴായി ഇടപെടേണ്ടിവന്ന സതാംപ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈലേഴ്സ് സൊസൈറ്റിയുടെ ഇന്ത്യയിലെ കമ്യൂണിറ്റി ഡെവലപ്മെന്റ് മാനേജർ മലയാളിയായ വി. മനോജ് ജോയ് (ചെന്നൈ) പറയുന്നു.
ജോലിതേടി ഏജൻസി ഓഫിസുകളിലെത്തുന്നവർക്ക് ആർ.പി.എസ് രജിസ്റ്റർ ചെയ്യപ്പെട്ട ഏതെങ്കിലും കപ്പലിന്റെ പേരിൽ ജോലിവാഗ്ദാനം നൽകി കരാർ പേപ്പർ നൽകുന്നു.
എല്ലാരേഖകളും കൃത്യമായുള്ള കപ്പലായിരിക്കും അത്. ആ പ്രത്യേക കപ്പലിൽ കയറാൻ എയർപോർട്ട് ഇ-മൈഗ്രേറ്റ് സിസ്റ്റത്തിലെ പരിശോധന എളുപ്പം പൂർത്തിയാക്കാനാകും എന്ന പഴുതുപയോഗിച്ച് വിദേശത്തേക്ക് (പലപ്പോഴും ഗൾഫ് രാജ്യങ്ങൾ, തുർക്കിയ) കയറ്റിവിടും.
കരാർ അനുസരിച്ചുള്ള കപ്പലിലാണെന്ന ധാരണയിൽ അവിടെ എത്തുന്നവരെ ജോലിക്ക് കയറ്റുന്നത് ബ്ലാക് ലിസ്റ്റിൽപെട്ട മറ്റേതെങ്കിലും തല്ലിപ്പൊളി കപ്പലിലായിരിക്കും. നേരാംവണ്ണം ഭക്ഷണമോ വേതനമോ ലഭിക്കാതെ മാസങ്ങൾ പിന്നിടുമ്പോഴാണ് ലക്ഷങ്ങൾ നൽകി തട്ടിപ്പിനിരയായകാര്യം ഇവർ അറിയുന്നത്.
ജോലിചെയ്യാനുള്ള സുരക്ഷാമാനദണ്ഡങ്ങളില്ലാതെ ജോലിക്കാർക്ക് വെള്ളവും ഭക്ഷണവും വേതനവും നൽകാനാവാത്ത അവസ്ഥയിൽ ഉടമതന്നെ കപ്പൽ കൈയൊഴിയുമ്പോൾ അതിൽ തുടരാനോ നാട്ടിലേക്ക് തിരിച്ചുപോകാനോ വയ്യാത്ത അവസ്ഥയിൽ ജീവനക്കാർ കഷ്ടപ്പെടുന്ന നിരവധി സംഭവങ്ങൾ ഏറെ ഗൗരവത്തോടെയാണ് ഡി.ജി വിലയിരുത്തുന്നത്.
കപ്പലോട്ടക്കാർ ഇത്തരത്തിൽ ചതിക്കപ്പെട്ടുപോകുന്ന സന്ദർഭങ്ങളിൽ അവരുടെ മോചനത്തിനായി സൈലേഴ്സ് സൊസൈറ്റി പലപ്പോഴായി ഇടപെടേണ്ടിവരുന്ന സാഹചര്യമുണ്ടാകാറുണ്ടെന്നും മലയാളികളടക്കം നിരവധിപേരെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന്റെ സഹായത്തോടെ മോചിപ്പിക്കാനും നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനും സാധിച്ചിട്ടുണ്ടെന്നും മനോജ് ജോയ് പറയുന്നു.
ഇത്തരം കപ്പലുകളിൽനിന്ന് മയക്കുമരുന്നുകൾപോലും പിടിക്കപ്പെടുമ്പോൾ പൊലീസിന്റെ പിടിയിലാകുന്നത് ഈ ജീവനക്കാരായിരിക്കും. അത്തരം ഒത്തിരി അനുഭവകഥകൾ അദ്ദേഹത്തിന്റെ കേസ് ഡയറിയിലുണ്ട്.
അംഗീകാരമില്ലാത്ത മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശീലനം തേടരുത്, ആർ.പി.എസ് അംഗീകാരം ഉണ്ടെന്ന് ഉറപ്പുവരുത്തുക, പരിശീലനം തേടുമ്പോൾ ആ സ്ഥാപനത്തെ പറ്റി വിവരങ്ങൾ ശേഖരിക്കുക,ജോലി ഉറപ്പുനൽകാതെ അതിനായി ഭീമയായ തുക ആവശ്യപ്പെടുന്നവരുടെ കുരുക്കിൽപെടാതെ നോക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ ശ്രദ്ധിക്കണം.
ആദ്യമായി കപ്പൽജോലി തേടുന്നവരാണ് ഏജന്റുമാരുടെ വലയിൽ കുടുങ്ങുന്നവരിലേറെയും. അവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഏജന്റുമാരെ ഒഴിവാക്കി വെബ്സൈറ്റ് വഴി സെർച്ച് ചെയ്ത് ഒഴിവുകൾ കണ്ടെത്തുക തുടങ്ങിയ ഒട്ടേറെ നിർദേശങ്ങളും ഉപദേശങ്ങളും സർക്കുലറിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്.
അത്യാവശ്യസന്ദർഭങ്ങളിൽ ബന്ധപ്പെടേണ്ട മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ വിവിധ ഓഫിസ് വിവരങ്ങളും നിയുക്ത ഓഫിസർമാരുടെ പേരുകളും ഫോൺ നമ്പറുകളും ഇ-മെയിൽ ഐഡിയും സർക്കുലറിൽ ചേർത്തിട്ടുണ്ട്. സർക്കുലർ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബിൽ പരിശോധനക്ക് ലഭിക്കുമെന്ന് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി അറിയിച്ചു.
കപ്പൽജോലി തേടുന്നവരുടെ എണ്ണം ഈയിടെയായി വർധിച്ചുവരുകയാണെന്നും രണ്ടു ലക്ഷത്തോളം രൂപ ചെലവിട്ട് ആറു മാസത്തെ പരിശീലനം പൂർത്തിയാക്കി ജോലിക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ജോലിസാധ്യത ഇല്ലാത്തതിനാലാണ് പലരും ലക്ഷങ്ങൾ നൽകി വഞ്ചിക്കപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു.
ഓരോ കപ്പലിലും കൂടുതൽ ട്രെയിനികൾക്ക് അവസരമൊരുക്കാൻ നടപടികളുണ്ടായാൽ ഈരംഗത്തെ തട്ടിപ്പുകൾ ഒരുപരിധിവരെ നിയന്ത്രിക്കാം. നിലവിൽ ജോലിചെയ്യുന്ന പരിചയസമ്പന്നരായ കപ്പലോട്ടക്കാർക്ക് അവധിയിൽ വന്നാൽ അധികം കാത്തിരിപ്പില്ലാതെതന്നെ ജോലിയിൽ കയറാൻ പറ്റുന്നുണ്ട്.
മർച്ചന്റ് നേവി ക്ലബ്: 7994020011, 9447692439.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.