ആലുവ: നഗരത്തിൽ വ്യാപകമായി മാറിയ അനാശാസ്യ കേന്ദ്രങ്ങൾക്കെതിരെ പരാതി ശക്തമായി. ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവർത്തനങ്ങളും ഗുണ്ടായിസവുംകൊണ്ട് പൊറുതിമുട്ടിയ വ്യാപാരികളാണ് ഇതിനെതിരെ രംഗത്തുവന്നത്.
മാർക്കറ്റ് റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ലോഡ്ജിനെതിരെ 60 ഓളം വ്യാപാരികൾ പൊലീസിൽ പരാതി നൽകി. ഈ ലോഡ്ജിൽ അനാശാസ്യ പ്രവർത്തനവും അതുമായി ബന്ധപ്പെട്ട സംഘട്ടനങ്ങളും പതിവാണെന്ന് സമീപത്തെ വ്യാപാരികൾ ആരോപിക്കുന്നു. ലോഡ്ജ് മാനേജറുടെ നേതൃത്വത്തിലാണ് ഗുണ്ടാ അക്രമങ്ങൾ നടക്കുന്നതെന്ന് പരാതിക്കാർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം അനാശാസ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്ന് ഇയാളും ഗുണ്ടകളും ചേർന്ന് ഒരാളുടെ തല അടിച്ച് പൊട്ടിച്ചിരുന്നു. ഇത്തരം സംഘട്ടനങ്ങൾ നിത്യ സംഭവമാണ്. ഇവിടെ പതിവായി അടിപിടിയും പിടിച്ചുപറിയും നടക്കുന്നതായും വ്യാപാരികൾ ആരോപിക്കുന്നു.
നഗരത്തിൻറെ മുക്കിലും മൂലയിലും വരെ ഇത്തരം അനാശാസ്യശാലകൾ നിറഞ്ഞിരിക്കുകയാണ്. വിവിധ ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇതുമായി ബന്ധപ്പെട്ട ഗുണ്ടകളും ഇടപാടുകാരും ലഹരിവിൽപനക്കാരും നഗരത്തിൽ വ്യാപകമാണ്. എന്നാൽ, ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാൻ യാതൊരു നടപടികളുമുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇതുമൂലം കുറ്റവാളികൾ സ്വതന്ത്രമായി വിഹരിക്കുകയാണ്.
വിദ്യാർഥികളും സ്ത്രീകളുമടക്കമുള്ളവർ ഇവരെ പേടിച്ചാണ് കഴിയുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി രൂപം നൽകിയ പിങ്ക് പൊലീസ് നോക്കുകുത്തിയായി മാറുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുവരെ നിരവധി യുവതികളെ അനാശാസ്യത്തിനായി മനുഷ്യക്കടത്ത് നടത്തുന്നതായും ആുരോപണമുണ്ട്. റെയിൽവേ സ്റ്റേഷൻ മുതൽ ജില്ല ആശുപത്രി വരെയുള്ള ഭാഗങ്ങളിലും പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുമാമണ് ഇവരുടെ താവളം. ഗുണ്ട സംഘങ്ങളുടെ സംരക്ഷണവും ഇത്തരക്കാർക്കുണ്ട്. പരിസരത്തെ ഏതാനും ലോഡ്ജുകാരാണ് ഇവരെ സംരക്ഷിക്കുന്നത്.
വ്യാപാരി - രാഷ്ട്രീയ സംഘടനകളിലെ നേതാക്കൾ വരെ ഇത്തരം ഇടാപാടുകൾക്കായി അവരുടെ ലോഡ്ജുകൾ നൽകി പണം കൊയ്യുകയാണ്. അത്തരക്കാർക്കെതിരെ സംഘടനകൾ മൗനം പാലിക്കുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും മറ്റും ഇത്തരം സ്ത്രീകൾ തമ്പടിച്ചാണ് കച്ചവടം ഉറപ്പിക്കുന്നത്. അതിനാൽ തന്നെ മറ്റുസ്ത്രീകൾക്ക് ബസ് കാത്തിരിപ്പ് കേന്രങ്ങളിലടക്കം നിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. അനാശാസ്യ - ലഹരി മാഫിയ സംഘങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതും പതിവാണ്.
മാസങ്ങൾക്ക് മുൻപ് ആശുപത്രി കവല ഭാഗത്തെ ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ച താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകൻ മുസ്തഫ എടയപ്പുറത്തെ ആക്രമിച്ചിരുന്നു. ഒരു ലോഡ്ജ് നടത്തിപ്പുകാരനും ഗുണ്ടകളുമാണ് പട്ടാപ്പകൽ നഗരത്തിലിട്ട് അദ്ദേഹത്തെ മർദിച്ചത്. എന്നാൽ, ഇതിനെതിരെ പൊലീസ് കാര്യമായ നടപടികളൊന്നും കൈക്കൊണ്ടില്ല. കാവലിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരെ കുറ്റവാളികളെ ലോഡ്ജ് ഉടമകൾ ഇറക്കുമതി ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.