മെത്രാന്‍ കായലില്‍ വിത്തിറക്കി

കോട്ടയം: വികസനത്തെയല്ല, പ്രകൃതി നശിപ്പിക്കുന്നതിനെയാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. വികസനം വരുന്ന സ്ഥലങ്ങളില്‍ വിത്തെറിയുന്ന രോഗമാണ് സര്‍ക്കാറിനെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. വിമാനത്താവളത്തിനോ ടൂറിസത്തിനോ സര്‍ക്കാര്‍ എതിരല്ല. ഞങ്ങള്‍ വിമാനത്തില്‍ കയറാത്തവരുമല്ല. നെല്‍വയല്‍ നികത്തി മാത്രം വികസനം കൊണ്ടുവരണമെന്ന് വാശി പിടിക്കുകയാണ് ചിലര്‍. ഇത് അംഗീകരിക്കാനാകില്ളെന്നും അദ്ദേഹം പറഞ്ഞു. എട്ടു വര്‍ഷങ്ങള്‍ക്കുശേഷം മെത്രാന്‍ കായലില്‍ വിത്തിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുളയില്‍ വിമാനത്താവളത്തിനെതിരായല്ല വിത്ത് വിതച്ചത്. വികസനത്തിന്‍െറ പേരില്‍ നാടിനെ നശിപ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലത്തെിയശേഷം 5967 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കി. ഇതില്‍ പെടുന്നതാണ് ആറന്മുളയും മെത്രാന്‍ കായലും. അല്ലാതെ ഈ രണ്ട് സ്ഥലങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് കൃഷിയിറക്കുകയായിരുന്നില്ല.

മെത്രാന്‍ കായലിന്‍െറ ഭൂരിഭാഗവും സ്വന്തമാക്കിയ കമ്പനിക്ക് രണ്ടു ദിവസത്തിനകം അവരുടെ സ്ഥലത്ത് വിത്ത് വിതക്കാം. സര്‍ക്കാര്‍ ഇതിനാവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. നെല്‍ കൃഷിയല്ലാതെ മറ്റെന്തെങ്കിലും ഇവിടെ നടത്താമെന്ന് കമ്പനി വിചാരിക്കേണ്ട. ഇതിനുശേഷവും കമ്പനി വിത്ത് വിതച്ചില്ളെങ്കില്‍ ആഗ്രഹമുള്ളവര്‍ക്ക് വിളവിറക്കി നെല്ല് കൊയ്യാം. ജനങ്ങളെ കബളിപ്പിച്ചാണ് വിവിധ പേരുകളില്‍ ഒരു കമ്പനി മെത്രാന്‍ കായലിലെ ഭൂരിഭാഗം സ്ഥലങ്ങളും വാങ്ങിക്കൂട്ടിയത്. സര്‍ക്കാര്‍ പരിശോധനയില്‍ എല്ലാ കമ്പനികളുടെയും ഡയറക്ടര്‍മാര്‍ ഒന്നാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. നിയമം ലംഘിച്ചാണ് ഈ നടപടി. ഇതില്‍ തുടര്‍പരിശോധനകള്‍ നടത്താന്‍ കോട്ടയം ജില്ല കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനി നെല്‍കൃഷി നടത്തിയില്ളെങ്കില്‍ ഇത് മിച്ചഭൂമിയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. മെത്രാന്‍ കായലിന്‍െറ ബണ്ട് പൊട്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കൃഷിക്കാര്‍ക്ക് ശല്യമുണ്ടാക്കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

 സുരേഷ്കുറുപ്പ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേരി സെബാസ്റ്റ്യന്‍, ജില്ല പഞ്ചായത്ത് അംഗം ജയേഷ് മോഹന്‍, കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. സലിമോന്‍, വൈസ് പ്രസിഡന്‍റ് സിന്ധു രവികുമാര്‍, സി.പി.എം ജില്ല സെക്രട്ടറി വി.എന്‍. വാസവന്‍, സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരന്‍, ഡോ. അംബികാദേവി, പി.എസ്. രഘു, ഷാജി ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു. യു.ഡി.എഫ് ജനപ്രതിനിധികള്‍ ചടങ്ങിനത്തെിയില്ല. 402 ഏക്കര്‍ വരുന്ന മെത്രാന്‍ കായലിലെ 11 കര്‍ഷകരുടെ  ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കുന്നത്.
 

Tags:    
News Summary - methran kayal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.